
ന്യൂഡല്ഹി: രാജ്യത്ത് 50 പുതിയ വിമാനത്താവളത്തില് നിര്മിക്കുമെന്ന് കേന്ദ്ര ബജറ്റില് പ്രഖ്യാപനം. ഹെലിപ്പാഡുകള്, വാട്ടര് എയ്റോ ഡ്രോണുകള്, ലാന്‍ഡിങ് ഗ്രൗണ്ടുകള് എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങള് വര്ധിപ്പിക്കുമെന്നും ധനമന്ത്രി നിര്മല സീതാരാമന് ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.
നഗര വികസനത്തിനായി പ്രതിവര്ഷം 10,000 കോടിവീതം നീക്കിവെക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്. പി.എം ആവാസ് യോജനയ്ക്ക് 79,000 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
റെയില്വേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില് വച്ച് ഏറ്റവും ഉയര്ന്ന തുകയാണിത്. രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള് തിരഞ്ഞെടുത്ത് വികസിപ്പിക്കും. ആഭ്യന്തര – രാജ്യാന്തര വിനോദസഞ്ചാരികള്ക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദര്ശിക്കാനുതകുന്ന തരത്തിലാവും വിനോദസഞ്ചാര കേന്ദ്രങ്ങള് വികസിപ്പിക്കുക. 157 പുതിയ നഴ്സിങ് കോളേജുകള് തുടങ്ങും.
2047 ഓടെ അരിവാള്രോഗം നിര്മാര്ജനം ചെയ്യും. സുരക്ഷിത ഭവനങ്ങള്, ശുചിത്വം ഉറപ്പാക്കല്, കുടിവെള്ളം, ഗോത്രവര്ഗ വിഭാഗക്കാര്ക്ക് വൈദ്യുതിയെത്തിക്കല് എന്നവയ്ക്കുവേണ്ടി 15,000 കോടിയുടെ പദ്ധതി. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ഓടകളും അഴുക്കുചാലുകളും മാന്ഹോളില് നിന്ന് മെഷീന്ഹോളിലേക്ക് മാറ്റും.
ഏകലവ്യ മോഡല് റസിഡന്ഷ്യല് സ്കൂളുകള് കൂടുതലായി തുടങ്ങും. ഇവിടേക്കായി 38,800 അധ്യാപകരെ നിയോഗിക്കുമെന്നും ബജറ്റില് പ്രഖ്യാപനമുണ്ട്.






