
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ലഭ്യമാകുന്ന വൈദ്യുതി പാഴാകാതെ സംഭരിക്കാൻ 15 മാസത്തിനുള്ളിൽ യാഥാർഥ്യമാകുന്നത് 485 മെഗാവാട്ട് ശേഷിയുള്ള സംഭരണി. സംഭരിച്ചതിൽനിന്ന് മണിക്കൂറിൽ 1440 മെഗാവാട്ട് ഉൗർജം ഉപയോഗിക്കാനാകും.
സംസ്ഥാനത്തെ ആകെ സൗരോർജ ഉൽപ്പാദന ശേഷി 1,88 3.378 മെഗാവാട്ടാണ്. പുരപ്പുറ സൗരോർജ ശേഷി 1,594.027 മെ ഗാവാട്ടും ഗ്രൗണ്ട് മൗണ്ടഡ് ശേഷി 289.351 മെഗാവാട്ടും.
വൈദ്യുതിയുടെ ആവശ്യം കുറഞ്ഞ സമയത്ത് ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും പ്രസരണ ശൃംഖലയിലെ സമ്മർദം കുറയ്ക്കാനും സൗരോർജ ഉൽപ്പാദനം നിയന്ത്രിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
വൻകിട സൗരോർജ ഉൽപ്പാദകർക്കാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുക. ഗാർഹിക പുരപ്പുറ സൗരോർജ പ്ലാന്റുകൾക്ക് നിയന്ത്രണമില്ലെങ്കിലും ഭാവിയിൽ എല്ലാത്തരം സൗരോർജ പ്ലാന്റുകൾക്കും നിയന്ത്രണം വന്നേക്കാമെന്ന് ആശങ്ക നിലനിൽക്കുന്നതിനാലാണ് കെഎസ്‌ഇബി, കേന്ദ്ര സർക്കാർ ഏജൻസികളായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (സെകി), നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്‌പിസി) എന്നിവയുമായി സഹകരിച്ച് സംസ്ഥാനത്ത് ബെസ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) നടപ്പാക്കുന്നത്.
125 മെഗാവാട്ട് / 500 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബെസ് കാസർകോട് മൈലാട്ടിയിൽ സ്ഥാപിക്കുന്നതിന് സെകിയും കെഎസ്ഇബിയും കരാറിൽ ഒപ്പുവച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരത്തും തിരുവനന്തപുരം പോത്തൻകോടും 40 മെഗാവാട്ട് / 160 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബെസ് എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡും മലപ്പുറം, അരീക്കോട് 30 മെഗാവാട്ട് / 120 മെഗാവാട്ട് മണിക്കൂർ ശേഷിയിൽ ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡുമാണ് പദ്ധതി നടപ്പാക്കുന്നത്.
എറണാകുളം ബ്രഹ്മപുരത്ത് 250 മെഗാവാട്ട് / 500 മെഗാവാട്ട് മണിക്കൂർ ശേഷിയിൽ പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ സെപ്തംബർ 30ന് വിളിക്കും.