
കൊച്ചി: എൻവിഡിയയുടെ തലപ്പത്തേക്ക് ജെൻസെൻ ഹുവാങ് തിരികെയെത്തിയത് രാജ്യത്തെ എഐ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗം കൂട്ടും. ഇന്ത്യയുടെ എഐ വികസന സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവാണ് എൻവിഡിയ.
കമ്പനി സ്ഥാപകൻ ജെൻസൻ ഹുവാങ് ആയിരുന്നു ഇതിന്റെ മുഖം. വർഷങ്ങളായി സ്റ്റാർട്ടപ്പുകൾ, ഡേറ്റ സെന്ററുകൾ, മോഡൽ കമ്പനികൾ, ഐടി സേവന സ്ഥാപനങ്ങൾ എന്നിവയിൽ എൻവിഡിയയ്ക്ക് വലിയ നിക്ഷേപവും പങ്കാളിത്തവുമുണ്ട്.
ഇന്ത്യയുടെ ക്ലൗഡ് ശേഷി വർധിപ്പിക്കുന്നതിനായി എൻവിഡിയയുടെ ജിപിയു (ഗ്രാഫിക് പ്രോസസിങ് യൂണിറ്റ്) അധിഷ്ഠിത എഐ ഡേറ്റ സെന്ററുകളിലേക്ക് ഏകദേശം 46,000 കോടിയുടെ നിക്ഷേപവാഗ്ദാനങ്ങളാണ് നിലവിലുള്ളത്.
ഇവയെല്ലാം ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞതാണ്. ഇന്ത്യയുടെ തദ്ദേശീയമായ എഐ മോഡലുകൾ, ഇന്ത്യയുടെ ഡവലപ്പർ സംവിധാനം, ക്ലൗഡ്, കംപ്യൂട്ടിങ് ശേഷി എന്നിവയെ എല്ലാം പിന്തുണയ്ക്കുന്ന നയമാണ് ജെൻസെൻ ഹുവാങ്ങിന്റേത്.
എൻവിഡിയ ഇന്ത്യയ്ക്ക് 4000 സ്റ്റാർട്ടപ്പുകൾ
ബെംഗളൂരു ആസ്ഥാനമായുള്ള സർവം എഐയിൽ എൻവിഡിയയുടെ നേരിട്ടുള്ള വിദേശനിക്ഷേപമുണ്ട്. നാലായിരത്തിലധികം ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകളെയും എൻവിഡിയ ഇൻസെപ്ഷൻ പദ്ധതിയിലൂടെ പിന്തുണയ്ക്കുന്നു.
∙46,000 കോടി
സ്റ്റാർട്ടപ്പുകളും മുൻനിര എഐ കമ്പനികളും ഉൾപ്പെടെയുള്ളവരിൽ നിന്ന് എൻവിഡിയ ജിപിയു അധിഷ്ഠിത ഇന്ത്യൻ ഡേറ്റ സെന്ററുകൾക്കായി ലഭിച്ച ഏകദേശ ഓർഡറുകളുടെ മൂല്യം.
∙25000 ജിപിയു
ഇന്ത്യ എഐ മിഷനു കീഴിൽ ക്ലൗഡ് പങ്കാളികൾ വഴി ലഭ്യമാക്കിയ എൻവിഡിയയുടെ കംപ്യൂട്ടിങ് ശേഷി.
∙5,500 ജീവനക്കാർ
ഇന്ത്യയിലെ 4 എൻജിനീയറിങ് കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ഏകദേശ ജീവനക്കാരുടെ എണ്ണം.
∙പ്രധാന പങ്കാളികൾ:
എഐ മോഡലുകൾ– സർവം എഐ, ഭാരത് ജിപിടി, കോറോവർ. അടിസ്ഥാന സൗകര്യമേഖല– റിലയൻസ്, യോട്ട, എൽ ആൻഡ് ടി, ടാറ്റ ഐടി സേവനങ്ങൾ– ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ്. നിർമാണം– നെറ്റ്വെബ് ടെക്നോളജീസ്
∙പുതിയ ജിപിയു ഓർഡറുകൾ
യോട്ട – ഗ്രേറ്റർ നോയിഡയിലേക്ക് 40,000 എൻവിഡിയയുടെ പുതിയ ‘വെറ റൂബിൻ’ ജിപിയുകളും നവി മുംബൈയിലേക്ക് 40,000 ‘ജിബി300’ ജിപിയുകളും വാങ്ങുന്നു. ഏകദേശം 12 ബില്യൻ ഡോളറിന്റെ നിക്ഷേപം. എഎം ഇന്റലിജൻസ്– ഏകദേശം 29,000 ‘റൂബിൻ’ ജിപിയുകൾക്കായി കരാറിലേർപ്പെട്ടു.
എൽ ആൻഡ് ടി– ‘ടുഗെദർ എഐ’ എന്ന കമ്പനിക്കായി 10,000 ജിപിയുകളുള്ള എഐ ഡേറ്റ സെന്റർ നിർമിക്കുന്നു.






