
ന്യൂഡൽഹി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദി പിഎം കിസാന്‍ സമ്മാനനിധിയുടെ 20ാം ഗഡുവായ 2000 രൂപ വിതരണം ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. യോഗ്യരായ രാജ്യത്തെ 9.7 കോടിയിലധികം കര്‍ഷകര്‍ക്ക് തുക തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും.
”ഇനി കാത്തിരിക്കേണ്ട! പിഎം കിസാന്റെ 20ാം ഗഡുവിതരണം 2025 ഓഗസ്റ്റ് രണ്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഫോണില്‍ സന്ദേശം വന്നതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ കിസാന്‍ സമ്മാന്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയെന്ന് അറിയുക,” പിഎം കിസാന്‍ സമ്മാന്‍ നിധി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
പദ്ധതിയുടെ 19ാമത്തെ ഗഡുവിതരണം 2025 ഫെബ്രുവരിയിലാണ് നടന്നത്. ”ഓഗസ്റ്റ് രണ്ടിന് ലഭിക്കുന്ന ഗഡു നഷ്ടമാകാതിരിക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസിയും മറ്റ് പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണ ഇടപാടിനും ഇ-കെവൈസിയ്ക്കും ഒപ്പം ഭൂമിയില്‍ വിത്ത് വിതയ്ക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഈ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത കര്‍ഷകരുടെ അനൂകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. കര്‍ഷകര്‍ ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന പക്ഷം അവരുടെ കുടിശ്ശിക തുക ഉള്‍പ്പെടെയുള്ളവ ലഭിക്കും, ”ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.