
മുംബൈ: രണ്ട് വർഷം മുമ്പ് പിൻവലിച്ചിട്ടും മുഴുവനും തിരിച്ചെത്താതെ 2,000 രൂപയുടെ നോട്ടുകള്‍. 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചത്. എങ്കിലും ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ചുരുക്കം.
സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബർ ഏഴുവരെയായിരുന്നു. അതേസമയം, ആർബിഐയുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
നേരിട്ടോ തപാല്‍ വഴിയോ നോട്ട് കൈമാറാം. ഇന്ത്യാ പോസ്റ്റ് വഴി നോട്ടുകള്‍ അയയ്ക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. പണം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് വരവുവെയ്ക്കുകയാണ് ചെയ്യുക.
3.56 ലക്ഷം കോടി രൂപയുടെ 2,000 നോട്ടുകളാണ് പിൻവലിക്കുമ്പോള്‍ വിനിമയത്തിലുണ്ടായിരുന്നത്. 2025 മെയ് 31ലെ കണക്ക് പ്രകാരം 6,181 കോടി രൂപ മൂല്യമുള്ളവയാണ് ഇനിയും തിരികെയെത്താനുള്ളത്.