
കൊച്ചി: ഒക്ടോബറിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കുതിച്ചുയർന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം സ്വർണ ഇറക്കുമതി 199.2 ശതമാനം വർദ്ധനയോടെ 1,478 കോടി ഡോളറിലെത്തി.
മുൻവർഷം ഇതേകാലയളവിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 490 കോടി ഡോളർ മാത്രമായിരുന്നു. മഹാനവമി മുതൽ ദീപാവലി വരെയുള്ള ഉത്സവ കാലയളവിൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടായ വർദ്ധന ജുവലറികളുടെ സ്‌റ്റോക്ക് കുറയാൻ ഇടയാക്കി. ഇതോടെയാണ് ജുവലറികൾ ഇറക്കുമതി കുത്തനെ ഉയർത്തിയത്.
വെള്ളി ഇറക്കുമതിയും കുതിക്കുന്നു
ഇതോടൊപ്പം വെള്ളിയുടെ ഇറക്കുമതി ഒക്ടോബറിൽ 272 കോടി ഡോളറായി(23,760 കോടി രൂപ) ഉയർന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 43 കോടി ഡോളറായിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളി ഉപഭോഗം കുത്തനെ കൂടിയതാണ് ഇറക്കുമതി കൂടാൻ കാരണം.
സോളാർ പാനലുകൾ, ഇലക്ടേ്രാണിക്സ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, മരുന്നുകൾ എന്നിവയുടെ നിർമ്മാണത്തിന് വെള്ളി വിപുലമായി ഉപയോഗിക്കുന്നു.
ഒക്ടോബറിലെ സ്വർണ ഇറക്കുമതി – 1.29 ലക്ഷം കോടി രൂപ






