കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

അഞ്ചു വർഷത്തിനിടെ 13.3 ലക്ഷം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും വലിയ വിജയഗാഥയായി ഇലക്‌ട്രോണിക്സ് നിർമാണ മേഖല മാറുന്നു.

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (PLI) പദ്ധതിയുടെ കരുത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ മേഖലയിൽ 13.3 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്സ് അസോസിയേഷൻ (ICEA) റിപ്പോർട്ട് ചെയ്തു. സ്മാർട്ട്ഫോൺ നിർമാണത്തിലുണ്ടായ വർധനവും കയറ്റുമതി പത്തിരട്ടിയായി ഉയർന്നതുമാണ് ഈ നേട്ടത്തിനു പിന്നിൽ.

ആകെ സൃഷ്ടിക്കപ്പെട്ട 1.33 ദശലക്ഷം തൊഴിലുകളിൽ നാലു ലക്ഷത്തോളം നേരിട്ടുള്ളവയും 9.3 ലക്ഷത്തോളം അനുബന്ധ (ലോജിസ്റ്റിക്സ്, സർവീസ് മുതലായവ) മേഖലകളിലുമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 25,000 കോടി രൂപയാണ് ശമ്പളമായി വിതരണം ചെയ്തത്. നേരിട്ടുള്ള ജീവനക്കാർക്ക് ശരാശരി 18,000 രൂപയും മറ്റുള്ളവർക്ക് 14,000 രൂപയുമാണ് മാസശമ്പളം.

നേട്ടത്തിന്‍റെ നെടുംതൂണായി സ്ത്രീകൾ
പുതിയ തൊഴിലവസരങ്ങളിൽ 70 ശതമാനവും സ്ത്രീകൾക്കും ആദ്യമായി ജോലിക്കു പ്രവേശിക്കുന്നവർക്കുമാണ് ലഭിച്ചത് എന്നത് ഇലക്‌ട്രോണിക്സ് മേഖലയുടെ പ്രത്യേകതയാണ്.

ഉദാഹരണത്തിന്, ബംഗളൂരുവിനു സമീപമുള്ള ഫോക്സ്കോണിന്‍റെ പുതിയ ഐഫോൺ ഫാക്ടറിയിൽ ജോലിക്കെടുത്ത 30,000 പേരിൽ 80 ശതമാനവും സ്ത്രീകളാണ്.

സുരക്ഷിതമായ ജോലി സാഹചര്യം, താമസസൗകര്യം, യാത്രാ സൗകര്യം എന്നിവ ഉറപ്പാക്കുന്ന അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫാക്ടറി സംവിധാനങ്ങളാണ് ഈ മാറ്റത്തിനു വഴിയൊരുക്കിയത്.

കയറ്റുമതിയിൽ പത്തിരട്ടി വളർച്ച
ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമാണം 2021-ലെ 2.2 ലക്ഷം കോടി രൂപയിൽനിന്നും 2025-ൽ 5.45 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കയറ്റുമതി പത്തിരട്ടി വർധിച്ച് രണ്ടു ലക്ഷം കോടി രൂപ കടന്നു.

ആപ്പിൾ ഇക്കോസിസ്റ്റത്തിന്‍റെ സ്വാധീനം
ആപ്പിൾ കമ്പനിയുടെ പ്രധാന നിർമാണ പങ്കാളികളായ ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റാ ഇലക്‌ട്രോണിക്സ് എന്നിവരാണ് ഈ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത്. നിലവിൽ ലോകത്താകമാനം വിൽക്കുന്ന ഐഫോണുകളിൽ 20 ശതമാനവും ഇന്ത്യയിലാണ് നിർമിക്കുന്നത്.

ഇലക്‌ട്രോണിക്സ് മേഖലയിൽ നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിലും സ്ത്രീകൾക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിലും പിഎൽഐ പദ്ധതി വലിയ മാറ്റമാണ് കൊണ്ടുവന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

2026ഓടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്ന് ഐസിഇഎ ചെയർമാൻ പങ്കജ് മോഹിന്ദ്രു പറഞ്ഞു. നിലവിലെ നയപരമായ പിന്തുണ തുടർന്നാൽ വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ ഇനിയും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top