
ന്യൂഡൽഹി: ഇന്ത്യയുടെ കാർബൺ കുറഞ്ഞ ഊർജ മേഖലയുടെ വികസനത്തിനായി ലോകബാങ്ക് 1.5 ബില്യൺ ഡോളർ അനുവദിച്ചു.
കാർബൺ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഗുണകരമാകുന്നതാണ് ഈ ഫണ്ടെന്ന് ലോകബാങ്ക് പ്രസ്‍താവനയിൽ പറഞ്ഞു.
ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ വിജയകരമായ നടത്തിപ്പിനെ ഈ ധനസഹായം പിന്തുണയ്ക്കുമെന്ന് ഇന്ത്യയുടെ ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൗമെ പറഞ്ഞു.
2030-ഓടെ സ്വകാര്യമേഖലയിൽ 100 ബില്യൺ ഡോളറിൻറെ നിക്ഷേപമാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷനിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഈ വർഷം ജനുവരി ആദ്യമാണ് ഈ മിഷന് ഇന്ത്യ അംഗീകാരം നൽകിയത്.
ഗവേഷണ, ഉത്പന്ന വികസന പ്രവർത്തനങ്ങൾക്കുള്ളത് ഉൾപ്പടെ 19,744 കോടി രൂപയാണ് ഈ ദൗത്യത്തിന്റെ പ്രാരംഭ ചെലവ് കണക്കാക്കുന്നത്.