
ന്യൂഡല്‍ഹി: പൂര്‍ണ്ണമായ തോതില്‍ ബാങ്കുകളായി മാറാന്‍ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്സി) പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍.
രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണിത്, സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന വലിയ ബാങ്കുകള്‍ നമുക്കാവശ്യമാണ്, സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വികസിത് ഭാരത് 2047 ദര്‍ശനത്തിന്റെ ഭാഗമായി, ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ ബാങ്കുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആസ്തി വലുപ്പം അനുസരിച്ച് ലോകത്തിലെ മികച്ച 10 ബാങ്കുകളില്‍ കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ബാങ്കുകളെങ്കിലുമുണ്ടാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
ഇതിനായി നിലവിലുള്ള ബാങ്കുകളെ വിപുലമാക്കുക. കൂടുതല്‍ എന്ബിഎഫ്്സികള്ക്ക് ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കുക എന്നീ മാര്‍ഗങ്ങളാണ് മുന്നിലുള്ളത്. നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, കോര്‍പ്പറേറ്റുകള്‍ക്ക് ഒരു ബാങ്കിംഗ് സ്ഥാപനത്തില്‍ 26 ശതമാനത്തില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ കഴിയില്ല. ചിലര്‍ ഈ പരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിലെ നിയമങ്ങള്‍ മതിയെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വേഗത, പ്രാദേശിക സാന്നിധ്യം, കാര്യക്ഷമമായ ഉപഭോക്തൃ ഇന്റര്‍ഫേസ് എന്നിവയാണ് എന്‍ബിഎഫ്സികളെ ആശ്രയിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പല ഗ്രാമപ്രദേശങ്ങളിലും, എന്‍ബിഎഫ്സികളാണ് ആക്സസ് ചെയ്യാവുന്ന ഏക വായ്പദാതാക്കള്‍ എന്നതും ഇവരുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.






