
മുംബൈ: കാര്‍ഷിക, എംഎസ്എംഇ വായ്പകള്‍ നല്കുമ്പോള് പണയവസ്തുക്കളായി സ്വര്‍ണ്ണമോ വെള്ളിയോ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്ക് അനുമതി നല്കി. ചെറുകിട വായ്പക്കാര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ നടപടി സഹായകരമാകും.
ജൂലൈ 11 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക് ഗാര്‍ഹിക സ്വര്‍ണ്ണവും വെള്ളിയും ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് അനൗപചാരിക പണമിടപാടുകാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും തിരിച്ചടവ് അച്ചടക്കം എളുപ്പമാക്കാനും ഗ്രാമീണ ജനതയെ സഹായിക്കും. ബാങ്കുകളെ സംബന്ധിച്ച് സ്വര്‍ണ്ണ പണയ വായ്പകള്‍ വിതരണം ചെയ്യാന്‍ എളുപ്പമാണ്.
അതേസമയം, ആഭരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയ ഭൗതിക സ്വര്‍ണ്ണവും വെള്ളിയും മാത്രമേ ഈടായി അനുവദിക്കൂ. സ്വര്‍ണ്ണ ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം പോലുള്ള സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു.