
മുംബൈ: ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി രൂപ സമ്മര്‍ദ്ദത്തിലായി. ഡോളറിനെതിരെ 19 പൈസ നഷ്ടത്തില്‍ 85.99 നിരക്കിലായിരുന്നു ക്ലോസിംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 0.59 ശതമാനം ഇടിവ് രൂപ നേരിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തെ നഷ്ടം 0.47 ശതമാനം.
ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും തിരിച്ചുവരവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ ഡാറ്റയായിരിക്കും ഇനി നിര്‍ണ്ണായകമാകുക.
സിപിഐ തുടര്‍ച്ചയായ അഞ്ചാം മാസവും റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലക്ഷ്യമായ 4 ശതമാനത്തിന് താഴെയായി തുടരുമെന്ന പ്രതീക്ഷയിലാണ് അനലിസ്റ്റുകള്‍. മെയ്മാസത്തില്‍ ചില്ലറ പണപ്പെരുപ്പം 75 മാസത്തെ താഴ്ചയായ 2.82 ശതമാനത്തിലെത്തിയിരുന്നു.
ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക തിങ്കളാഴ്ച 0.03 ശതമാനം ഉയര്‍ന്ന് 97.88 നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് 0.91 ശതമാനമുയര്‍ന്ന് 71 ഡോളറിലും ഡബ്യുടിഐ 0.91 ശതമാനം ഉയര്‍ന്ന് 69.07 നിരക്കിലുമാണുള്ളത്.
റഷ്യയ്‌ക്കെതിരെയുള്ള യുഎസിന്റെ ഉപരോധ ഭീഷണിയാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണ വില ഉയര്‍ത്തിയത്.