
ജനപ്രിയ മ്യൂസിക് സ്ട്രീമിങ് സേവനങ്ങളിലൊന്നായ യൂട്യൂബ് മ്യൂസിക്കില് പുതിയ ഫീച്ചര്. ക്രിയേറ്റ് എ റേഡിയോ എന്ന ഫീച്ചറാണ് യൂട്യൂബ് മ്യൂസിക്കിന്റെ പുതിയ അപ്ഡേറ്റില് ഉള്പ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്ക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകള് നിര്മിക്കാം.
നിലവില് യൂട്യൂബ് തന്നെയാണ് റേഡിയോ സ്റ്റേഷന് നിര്മിക്കുന്നത്. ഒരു പാട്ട് തിരഞ്ഞെടുത്ത് കേള്ക്കുമ്പോള് തന്നെ ഉപഭോക്താവിന് വേണ്ടിയുള്ള റേഡിയോ സ്റ്റേഷന് നിര്മിക്കപ്പെടും. ‘Up Next’ സെക്ഷനില് വരാനിരിക്കുന്ന പാട്ടുകള് ഏതാണെന്ന് കാണാനാവും. ഈ സ്റ്റേഷന് സാധാരണ പ്ലേ ലിസ്റ്റിലേക്ക് സേവ് ചെയ്യാനും സാധിക്കും.
എന്നാല് ക്രിയേറ്റ് എ റേഡിയോ ഫീച്ചര് ഉപയോഗിച്ച് ഉപഭോക്താക്കള്ക്ക് ഇഷ്ടമുള്ള പാട്ടുകള് ഉള്പ്പെടുത്തിയുള്ള റേഡിയോ സ്റ്റേഷനുകള് നിര്മിക്കാം. യൂട്യൂബ് മ്യൂസിക് ആപ്പില് താഴെയായി ക്രിയേറ്റ് എ റേഡിയോ കാര്ഡ് കാണാനാവും. യുവര് മ്യൂസിക് ട്യൂണര് എന്ന പേരിലാവും ഈ ലേബല് കാണുക.
30 പാട്ടുകളാണ് റേഡിയോ സ്റ്റേഷനില് ഉള്പ്പെടുത്താനാവുക. ഇതില് ഇഷ്ടാനുസരണം പാട്ടുകള് ക്രമീകരിക്കാനും സാധിക്കും. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട ഗായകര്, സംഗീത സംവിധായകര് തുടങ്ങിയവരുടെ പാട്ടുകള് റേഡിയോയില് കേള്പ്പിക്കാന് നിര്ദേശം നല്കാം.
റേഡിയോ സ്റ്റേഷന് നിര്മിച്ച് കഴിഞ്ഞാല്. നിങ്ങള് നല്കിയ മാനദണ്ഡങ്ങള്ക്ക് അനുസരിച്ച് പുതിയ പാട്ടുകള് റേഡിയോയില് കേള്പ്പിക്കും. ചിലപ്പോള് കേള്പ്പിക്കാന് പാട്ടുകള് ഒന്നുമില്ലെന്നാണ് ആപ്പ് പറയുന്നതെങ്കില് നിങ്ങള് നല്കിയ ഫില്റ്ററുകള് ക്രമീകരിക്കേണ്ടിവരും.
അതേസമയം, സ്പോടിഫൈ, ആപ്പിള് മ്യൂസിക് പോലുള്ള സേവനങ്ങള് ഈ ഫീച്ചര് നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.