
ഗൂഗിള്‍ പേ, ഫോണ്‍ പേ, റേസര്‍പേ തുടങ്ങിയ പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് ഇനി മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്ന് ഐസിഐസിഐ ബാങ്ക്. തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്ററുകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും ഇടയിലുള്ള ഇടനിലക്കാരാണ്. ഇവര്‍ ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിച്ച് വ്യാപാരിക്ക് കൈമാറുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു.
ഒരു ഉപഭോക്താവ് യുപിഐ വഴി വ്യാപാരിക്ക് പണം നല്‍കുമ്പോള്‍, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്ന് പണം പേയ്മെന്റ് അഗ്രഗേറ്ററുടെ എസ്‌ക്രോ അക്കൗണ്ടിലേക്ക് എത്തുകയും അവിടെ നിന്ന് വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറുകയും ചെയ്യുന്നു. ഈ കൈമാറ്റത്തിനാണ് ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ ഫീസ് ഈടാക്കുന്നത്.
ഒരു എസ്‌ക്രോ അക്കൗണ്ട് എന്നാല്‍ ഒരു ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികള്‍ക്കുവേണ്ടി പണം സൂക്ഷിക്കുന്ന ഒരു മൂന്നാം കക്ഷിയുടെ കൈവശമുള്ള അക്കൗണ്ടാണ്. ഒരു ഇടപാട് പൂര്‍ത്തിയാകുന്നതുവരെ ഈ അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും. ഐസിഐസിഐ ബാങ്ക് പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് രണ്ട് തരത്തിലുള്ള നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എസ്‌ക്രോ അക്കൗണ്ട് ഉള്ളവര്‍ക്ക്: ബാങ്കില്‍ എസ്‌ക്രോ അക്കൗണ്ട് ഉള്ള പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് ഓരോ ഇടപാടിനും 2 ബേസിസ് പോയിന്റുകളാണ് ഫീസ്. ഒരു ഇടപാടിന് പരമാവധി 6 രൂപ വരെ ഈടാക്കും.
എസ്‌ക്രോ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക്: ഐസിഐസിഐ ബാങ്കില്‍ എസ്‌ക്രോ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഓരോ ഇടപാടിനും 4 ബേസിസ് പോയിന്റുകള്‍ ഫീസ് നല്‍കേണ്ടി വരും. ഒരു ഇടപാടിന് പരമാവധി 10 രൂപ വരെയാണ് നിരക്ക്.
അതേസമയം, യുപിഐ ഇടപാടുകള്‍ വ്യാപാരികളുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുമ്പോള്‍ ഈ ഫീസ് ബാധകമല്ല. ഇത്തരം ഇടപാടുകളിലൂടെ ബാങ്കിന് ലാഭമുണ്ടാക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ ഇളവ്.
നിലവില്‍ യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മറ്റു ചില സ്വകാര്യ ബാങ്കുകളും യുപിഐ ഇടപാടുകള്‍ക്ക് പേയ്മെന്റ് അഗ്രഗേറ്റര്‍മാരില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. യുപിഐ ഇടപാടുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ഈ സേവനങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ബാധകമല്ലാത്തതിനാല്‍ ബാങ്കുകള്‍ക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഇതിനാലാണ് ഇപ്പോള്‍ പേയ്‌മെന്റ് അഗ്രഗേറ്ററുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.
ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
യുപിഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് പണം ഈടാക്കില്ലെങ്കിലും ഈ നിരക്ക് വ്യാപാരികളെയും തുടര്‍ന്ന് ഉപഭോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ക്ക് ഈടാക്കുന്ന ഫീസ്, അവര്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ്, കണ്‍വീനിയന്‍സ് ഫീസ് എന്നിവയിലൂടെ തിരികെ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അങ്ങനെയെങ്കില്‍ ഈ അധികച്ചെലവ് വ്യാപാരികള്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ച് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ സാധ്യതയുണ്ട്.
അതിനാല്‍, വരും ദിവസങ്ങളില്‍ യുപിഐ ഇടപാടുകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരക്കുകള്‍ ഉയര്‍ന്നേക്കാം. ഇത് യുപിഐ പേയ്മെന്റ് സംവിധാനത്തിന്റെ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.