
ന്യൂഡല്‍ഹി: ലോകബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യമേഖലാ വിഭാഗം, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) ഇന്ത്യയിലെ വാര്‍ഷിക നിക്ഷേപം ഇരട്ടിയാക്കും.2030 ഓടെ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മഖ്തര്‍ ദിയോപ്പ് പറഞ്ഞു. രാജ്യത്തിന്റെ വലിപ്പവും വളര്‍ച്ചാവേഗതയും അത് ആവശ്യപ്പെടുന്നുണ്ട്.
2025 ല്‍ ഐഎഫ്‌സി 5.4 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 3.4 ബില്യണ്‍ ഡോളറുള്‍പ്പടെയാണിത്. അടുത്ത ഓരോ വര്‍ഷങ്ങളിലും ഏകദേശം 1 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നഗര വികസനം, ഹരിത ഊര്‍ജ്ജം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (MSME) പിന്തുണ തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പില്‍ കോര്‍പ്പറേഷനുള്ള ധനസഹായമാണ് ഇതില്‍ ശ്രദ്ധേയം. ആദ്യമായാണ് ഒരു ഇന്ത്യന്‍ നഗരത്തിന് വികസന ധനകാര്യ സ്ഥാപനം പണയരഹിത വായ്പ നല്‍കുന്നത്.
ഇന്ത്യന്‍ സ്വകാര്യമേഖലയുടെ പ്രതിരോധശേഷി എടുത്തുപറഞ്ഞ ഡിയോപ്പ് ഏകീകൃത പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം എന്നിവയെ പ്രശംസിച്ചു. അതേസമയം വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും ബിസിനസ് പ്രക്രിയകള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.