
ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കയാണ് ലോകബാങ്ക്. നേരത്തെ 6.3 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരുന്നത്. മെച്ചപ്പെട്ട കാര്‍ഷികോത്പാദനം, ഗ്രാമീണ വേതന വര്‍ദ്ധനവ്, ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം എന്നിവയാണ് നേട്ടമാകുക.
കൃത്രിമ ബുദ്ധിയിലേയ്ക്കുള്ള പരിവര്‍ത്തനത്തില്‍ ഇന്ത്യ നേട്ടമുണ്ടാക്കുമെന്ന് ലോകബാങ്ക് ദക്ഷിണേഷ്യ, ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സിസ്‌ക ഓന്‍സോര്‍ജ് പറഞ്ഞു. എഐ സന്നദ്ധത സൂചികയില്‍ രാജ്യത്തിന് ശക്തമായ റാങ്കിംഗാണുള്ളത്. വ്യാപാര പരിഷ്‌ക്കരണം, വിപണി തുറന്നുകൊടുക്കല്‍, എഐ സാങ്കേതിക വിദ്യയുടെ വിന്യാസം എന്നിവ ഉത്പാദനക്ഷമത ഉയര്‍ത്തുകയും ദീര്‍ഘകാലത്തില്‍ ഗുണകരമാകുകയും ചെയ്യും.
അതേസമയം 2027 സാമ്പത്തികവളര്‍ച്ചാ പ്രവചനം ലോകബാങ്ക് 6.3 ശതമാനമായി കുറച്ചു. യുഎസ് താരിഫുകള്‍ സൃഷ്ടിക്കുന്ന ആഘാതം കണക്കിലെടുത്താണിത്. യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ ആഗോള തലത്തില്‍ ഉയര്‍ന്നതാണ്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവുമാണ് തീരുവ. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസ് കമ്പോളത്തില്‍ മത്സരക്ഷമമല്ലാതായി.
ഇന്ത്യയുടെ യുഎസ് കയറ്റുമതി മൊത്തം ആഭ്യന്തര ജിഡിപി (ആഭ്യന്തര ഉത്പാദനം) യുടെ 2 ശതമാനമാണ്. ‘ദക്ഷിണേഷ്യ വികസന അപ്ഡേറ്റ്: ജോലികള്‍, എഐ, വ്യാപാരം’ എന്ന തലക്കെട്ടിലുള്ള ലോകബാങ്കിന്റെ റിപ്പോര്‍ട്ട്, ദക്ഷിണേഷ്യയുടെ വളര്‍ച്ച 5.8 ശതമാനമായി കുറയ്ക്കുന്നു. 2025 ല്‍ 6.6 ശതമാനം നേടിയ സ്ഥാനത്താണിത്.
2025 സാമ്പത്തികവര്‍ഷത്തിലും 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തിലും ഇന്ത്യ യഥാക്രമം 6.5 ശതമാനവും 7.8 ശതമാനവും വളര്‍ച്ച കൈവരിച്ചു. ഇതില്‍ ആദ്യപാദ വളര്‍ച്ച അഞ്ച് പാദങ്ങളിലെ ഉയര്‍ന്നതാണ്. ഉപഭോഗം കൂടിയതും സര്‍ക്കാറിന്റെ മൂലധന ചെലവുകളുമാണ് വളര്‍ച്ച ഉയര്‍ത്തിയത്.