ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

പ്രവർത്തന മൂലധന ക്ഷാമം: സപ്ലൈകോയിൽ വിറ്റുവരവ് കുറയുന്നു

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സപ്ലൈകോയുടെ വാർഷിക വിറ്റുവരവ് കുറയുന്നു. 2023-24 മുതലാണ് ഗ്രാഫ് താഴോട്ട് പോകുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ തുടർച്ചയായി മൂന്ന് സാമ്പത്തിക വർഷം വിറ്റുവരവ് താഴേക്ക് പോകുകയാണ്. ഇതിന് മുമ്പ് 1999-2000ൽ 630 കോടി വിറ്റുവരവിൽ നിന്ന് 2000-01ൽ 549 കോടിയായി കുറഞ്ഞിരുന്നു.

തൊട്ടടുത്ത രണ്ട് വർഷവും കുറവ് രേഖപ്പെടുത്തി. 2002-03ൽ 383 കോടിയിലെത്തി. അവിടെ നിന്ന് ഓരോ സാമ്പത്തിക വർഷം ക്രമേണ ഉയർന്ന് 2017-18ൽ 4303 കോടിയായി ഉയർന്നു. എന്നാൽ, തൊട്ടടുത്ത സാമ്പത്തിക വർഷം 3717 കോടിയായി കുറഞ്ഞെങ്കിലും, 2019-20 മുതൽ കുത്തനെ ഉയർന്ന് മൂന്ന് വർഷംകൊണ്ട് ഇരട്ടിയായി. 2021-22ൽ 6315 കോടിയിലെത്തി കോർപറേഷന്‍റെ വിറ്റുവരവ്.

2022-23ൽ 19.55 ശതമാനം കുറഞ്ഞ് 5302 കോടിയിലെത്തി. പ്രവർത്തന മൂലധന ദൗർലഭ്യം കാരണം വാങ്ങൽ ശേഷി കുറഞ്ഞെന്നാണ് കണ്ടെത്തൽ. കോർപറേഷൻ 2022-23ൽ 123.64 കോടി രൂപ ലാഭം നേടിയെങ്കിലും, 313.64 കോടി രൂപയുടെ പലിശബാധ്യത മൂലം അറ്റ നഷ്ടം സംഭവിച്ചു.

2023-24ൽ 4271 കോടിയിലേക്കും, കഴിഞ്ഞ സാമ്പത്തിക വർഷം 3004 കോടിയിലേക്കും കൂപ്പ് കുത്തി. സപ്ലൈകോക്ക് 4000 കോടിയോളം രൂപ കേന്ദ്ര സർക്കാറിൽ നിന്ന് ലഭിക്കാനുണ്ട്. ഓഡിറ്റ് പൂർത്തിയാക്കാത്തതാണ് പണം കിട്ടാത്തതിന് കാരണം.

ഓഡിറ്റ് സമയബന്ധിതമായി നടക്കുന്നില്ലെന്നും, സ്റ്റാഫ് പാറ്റേൺ തന്നെ ക്രമക്കേടിന് വഴിവെക്കും വിധത്തിലുള്ളതാണെന്നും, അത് തിരുത്തണമെന്നും 2018 ൽ നിയമസഭ സമിതി ആവശ്യപ്പെട്ടിട്ടും ഇപ്പോഴും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.

X
Top