
കൊച്ചി: ഒന്നാം പാദത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് വണ്ടർല ഹോളിഡേയ്സ്. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 64.4 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13.3 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.
പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 4.4 കോടിയിൽ നിന്ന് 149.4 കോടി രൂപയായി വർധിച്ചു. അതേപോലെ ഈ പാദത്തിൽ മൊത്തം ചെലവുകൾ 2.8 മടങ്ങ് വർധിച്ച് 67.2 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 19 കോടി രൂപയുടെ നികുതി മുമ്പുള്ള നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനി 85.1 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭം റിപ്പോർട്ട് ചെയ്തു.
കൊച്ചി (കേരളം), ബാംഗ്ലൂർ (കർണാടക), ഹൈദരാബാദ് (തെലങ്കാന) എന്നിവിടങ്ങളിൽ വണ്ടർല എന്ന ബ്രാൻഡിൽ മൂന്ന് അമ്യൂസ്‌മെന്റ് പാർക്കുകൾ നടത്തുന്ന കമ്പനിയാണ് വണ്ടർല ഹോളിഡേയ്‌സ്. ഈ മികച്ച ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.05 ശതമാനം ഉയർന്ന് 345 രൂപയിലെത്തി.