
കൊച്ചി: സ്വർണവില സമീപകാലത്തെങ്ങുമില്ലാത്ത വിധം അനുദിനം കുതിച്ചുകയറ്റം തുടങ്ങിയതോടെ രാജ്യത്ത് വീണ്ടും കള്ളക്കടത്തിലും വൻ വർധന. ഉത്സവകാല സീസൺ കൂടിയായതിനാൽ കഴിഞ്ഞയാഴ്ചകളിൽ കള്ളക്കടത്ത് വർധിച്ചെന്നും വിമാനത്താവളങ്ങളിലും മറ്റുമായി സ്വർണം കടത്താനുള്ള നിരവധി ശ്രമങ്ങൾ തടഞ്ഞെന്നും കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും വ്യക്തമാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കേന്ദ്രസർക്കാർ ഇന്ത്യയിലേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കഴിഞ്ഞവർഷം 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത് കള്ളക്കടത്തുകാർക്ക് തിരിച്ചടിയായിരുന്നു. ഒരു കിലോഗ്രാം സ്വർണം നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയിരുന്നപ്പോൾ 10 ലക്ഷത്തോളം രൂപ ലാഭം കിട്ടിയിരുന്നത് ഇതോടെ 6 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. കള്ളക്കടത്ത് ശൃംഖലകൾക്ക് ഇതു കനത്ത ആഘാതവുമായിരുന്നു. എന്നാൽ, ഇപ്പോൾ വില കത്തിക്കയറിയതോടെ കള്ളക്കടത്തും പെരുകിയെന്നും തട്ടിപ്പുകാർക്ക് ഒരു കിലോയിൽ കിട്ടുന്ന ലാഭം 11.5 ലക്ഷം കടന്നെന്നും റിപ്പോർട്ട് പറയുന്നു.
ധൻതേരസ്, ദീപാവലി ആഘോഷങ്ങളിലേക്ക് രാജ്യം കടന്നതിനാൽ സ്വർണത്തിന് മികച്ച ഡിമാൻഡുണ്ട്. അതുകൊണ്ടുതന്നെ, നികുതിവെട്ടിച്ചെത്തുന്ന സ്വർണം എളുപ്പത്തിൽ കൈമാറി ലാഭം നേടാനും കള്ളക്കടത്തുകാർക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ. കള്ളക്കടത്തും നികുതിവെട്ടിച്ചുള്ള സമാന്തര വിൽപനയും തടയാൻ ഊർജിതശ്രമങ്ങൾ തുടരുകയാണെന്നും ഏജൻസികൾ വ്യക്തമാക്കി.
2024-25 സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് 3,005 സ്വർണക്കള്ളക്കടത്ത് കേസുകളാണ് കേന്ദ്ര സർക്കാർ ഏജൻസികൾ റജിസ്റ്റർ ചെയ്തത്. 2.6 ടൺ സ്വർണവും പിടിച്ചെടുത്തു. 2023-24ൽ കസ്റ്റംസും ഡിആർഐയും മറ്റും പിടിച്ചെടുത്തത് 4,869 കിലോഗ്രാം കള്ളക്കടത്ത് സ്വർണമായിരുന്നു. മ്യാൻമർ അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് കൂടുതലായി ഇപ്പോൾ കള്ളക്കടത്ത് സ്വർണം എത്തുന്നതെന്ന് ഏജൻസികൾ പറയുന്നു.
ഇന്ത്യയിലേക്കുള്ള സ്വർണ കള്ളക്കടത്തിന്റെ 15-20 ശതമാനവും കേരളത്തിലേക്കാണെന്ന് സംസ്ഥാന സർക്കാരിന്റെ തന്നെ കണക്കുകൾ നേരത്തേ വ്യക്തമാക്കിയിരുന്നു. 2017-18 മുതൽ ഓരോ വർഷവും ശരാശരി 1,000 കിലോ സ്വർണമാണ് കേരളത്തിലേക്ക് കള്ളക്കടത്തായി വന്നിരുന്നത്. 2022-23ൽ കൊച്ചി, കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മാത്രം 445 കിലോഗ്രാം സ്വർണം അധികൃതർ പിടികൂടിയിരുന്നു.
2021-22ൽ ഏകദേശം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാനത്തെ സ്വർണാഭരണ വിപണി നേടിയത്. തുടർന്നുള്ള കൃത്യമായ കണക്ക് സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വില വർധനയും വിൽപനയിലെ ശരാശരി 15% വാർഷിക വളർച്ചയും പരിഗണിച്ചാൽ വിറ്റുവരവ് നിലവിൽ ഒന്നരലക്ഷം രൂപയ്ക്കടുത്തായിട്ടുണ്ട്. ഇതിന്റെ ഇരട്ടിയോളം കച്ചവടം കേരളത്തിൽ നികുതിവെട്ടിച്ച് സമാന്തര വിപണിയിൽ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികൾ ആരോപിക്കുന്നത്.