
ചെന്നൈ: ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അതിരൂക്ഷ ആരോപണങ്ങളുന്നയിച്ചുകൊണ്ട്, ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനി വിന്‍ട്രാക്ക് ഐഎന്‍സി.
ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഇന്ത്യയിലെ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അവസാനിപ്പിക്കുകയാണെന്ന് വിന്‍ട്രാക്ക് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം വിന്‍ട്രാക്കിന്റെ ആരോപണങ്ങള്‍ ചെന്നൈ കസ്റ്റംസ് തള്ളി.
ചൈനയിലെയും തായ്‌ലന്‍ഡിലെയും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അത് ഇന്ത്യയിലെവിടെയും എത്തിച്ചു നല്‍കുന്ന സേവനം നല്‍കിവരുന്ന കമ്പനിയാണ് വിന്‍ട്രാക്ക് എന്നാണ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
കഴിഞ്ഞ 45 ദിവസമായി ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തങ്ങളെ നിരന്തരമായി ഉപദ്രവിക്കുകയാണ്. ഇക്കൊല്ലം രണ്ടുവട്ടം അവരുടെ കൈക്കൂലി ഇടപാടുകള്‍ തുറന്നുകാണിച്ചതിന്, തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയും ഇന്ത്യയിലെ ബിസിനസിനെ തകര്‍ത്തും അവര്‍ പകവീട്ടുകയാണെന്ന് വിന്‍ട്രാക്ക് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു.
വിന്‍ട്രാക്കിന്റെ സ്ഥാപകനായ പ്രവീണ്‍ ഗണേശന്‍, ചില ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞും ആരോപണം ഉന്നയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സ്‌പെഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി) ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് സൂചന. തന്റെ ഭാര്യയുടെ സ്ഥാപനത്തിന് 2.1ലക്ഷം രൂപ കൈക്കൂലിയായി നല്‍കേണ്ടിവന്നുവെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായുള്ള വിന്‍ട്രാക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ, വ്യവസായമേഖലകളല്‍നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ആരിന്‍, കാപിറ്റല്‍ ചെയര്‍മാനും ഇന്‍ഫോസിസിന്റെ മുന്‍ സിഎഫ്ഒയുമായ മോഹന്‍ദാസ് പൈയും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ചെന്നൈ കസ്റ്റംസ് വിന്‍ട്രാക്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. കമ്പനി, ചരക്കുകള്‍ തരംതിരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും എക്‌സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസിന്റെ വിശദീകരണക്കുറിപ്പിലുണ്ട്.
വ്യാജമായ കൈക്കൂലി ആരോപണങ്ങളാണ് വിന്‍ട്രാക്ക് ഉന്നയിച്ചിരിക്കുന്നതെന്നും കസ്റ്റംസ് പറയുന്നു.