
ന്യൂഡല്‍ഹി: സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.
എണ്ണ കയറ്റുമതിയില്‍ നിന്നും റഷ്യയുടെ വരുമാനം തടയാന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ശ്രമിക്കുകയാണ്. അതിനായി അവര്‍ റഷ്യന്‍ എണ്ണയ്ക്ക് വില പരിധി നിശ്ചയിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മന്‍ വിദേശകാര്യ വകുപ്പ് മന്ത്രി, അന്നലീന ബെയര്‍ബോക്കുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എസ്. ജയശങ്കറിന്റെ പ്രതികരണമുണ്ടായത്. ഉക്രൈനുമായുള്ള ഉഭയകക്ഷി ബന്ധവും യുദ്ധവും ഇവര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയങ്ങളായി.
യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കാണ്് മുന്‍ഗണന നല്‍കേണ്ടതെന്നും ഇന്ത്യയോട് മറ്റെന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ജയശങ്കര്‍ പറഞ്ഞു.
എണ്ണ ഇറക്കുമതി നിര്‍ത്തലാക്കിയും വില പരിധി ബാരലിന് 60 ഡോളറാക്കി പരിമിതപ്പെടുത്തിയുമാണ് ജി7 രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം കൊണ്ടുവന്നത്.
എന്നാല്‍ കുറഞ്ഞവിലയിലുള്ള വ്യാപാരത്തിന് റഷ്യ തയ്യാറല്ല. അത്തരം രാഷ്ട്രങ്ങളിലേയ്ക്കുള്ള കയറ്റുമതി പൂര്‍ണ്ണമായും നിര്‍ത്തുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുകയാണ് ഒപെക് പ്ലസ്.
ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസും (ഒപെക്) റഷ്യയുള്‍പ്പടെയുള്ള അതിന്റെ സഖ്യകക്ഷികളും ഉത്പാദനം വെട്ടിച്ചുരുക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു.