
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.58 ശതമാനമായി കുറഞ്ഞു. ജൂണിലിത് -0.13 ശതമാനമായിരുന്നു.
ഭക്ഷ്യവിലയിലെ കുറവാണ് മൊത്തവില പണപ്പെരുപ്പത്തെ നെഗറ്റീവ് ടെറിട്ടറിയിലൊതുക്കിയത്. മിനറല്‍ ഓയില്‍സ്, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, അടിസ്ഥാന ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ വിലയിലും ഇടിവുണ്ടായി.
റോയിട്ടേഴ്‌സ് പ്രവചിച്ചിരുന്നത് മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.30 ശതമാനമായി കുറയുമെന്നായിരുന്നു. മണ്‍സൂണ്‍ അസന്തുലിതമായിട്ടും മികച്ച വിളവെടുപ്പ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാഹായിച്ചു.
ആദ്യമായാണ് ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പം കുറഞ്ഞതോതില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ താഴ്ചയായ 2.1 ശതമാനത്തിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പച്ചക്കറികളുടെ വില 19 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വില 12 ശതമാനവുമാണ് കുറഞ്ഞത്. എണ്ണകളുടെയും പഴങ്ങളുടെയും വില അതേസമയം വര്‍ധിച്ചിട്ടുണ്ട്.ഇത് യഥാക്രമം 17.8 ശതമാനവും 12.6 ശതമാനവുമാണ്.