
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) വെട്ടിക്കുറയ്ക്കല്‍ സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗത്തില്‍ അന്തിമമാക്കിയ മാറ്റങ്ങള്‍ ജിഎസ്ടി സ്ലാബുകളെ 5,18 ശതമാനമാക്കി നിജപ്പെടുത്തുന്നു. പുകയില, പാന്‍ മസാല, ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍, യാച്ചുകള്‍, എയറേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ ആഡംബര, ഹാനികരമായ വസ്തുക്കള്‍ക്ക് 40 ശതമാനം ജിഎസ്ടിയും കൂടാതെ നഷ്ടപരിഹാര സെസും ബാധകമാകും.
നിത്യോപയോഗ വസ്തുക്കള്‍
അവശ്യവസ്തുക്കള്‍ക്കും നിത്യോപയോഗ ഇനങ്ങള്‍ക്കും വില കുറയുന്നത് കുടുംബ ബജറ്റ് കുറയ്ക്കുമെന്ന് കരുതപ്പെടുന്നു. സോപ്പുകള്‍, ഷാംപൂകള്‍, സൈക്കിളുകള്‍, പാക്കേജ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം നികുതി ബാധകമാകുന്നതോടെയാണിത്. നേരത്തെ ഇവ 12-18 ശതമാനം ആകര്‍ഷിച്ചിരുന്നു. എയര്‍ കണ്ടീഷനറുകള്‍, 32 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള ടെലിവിഷനുകള്‍, ഡിഷ്് വാഷറുകള്‍, തുടങ്ങിയ വീട്ടുപകരണങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി.
നിര്‍മ്മാണ മേഖല
മുന്‍പ് 28 ശതമാനം നികുതിയുണ്ടായിരുന്ന സിമന്റ് ഇനി 18 ശതമാനം മാത്രമാണകര്‍ഷിക്കുക. ഗ്രാനൈറ്റ് ബ്ലോക്കുകള്‍, മാര്‍ബിള്‍, ഇഷ്ടികകള്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് ഇനി 5% നികുതി മാത്രമാകും ബാധകം. ഇതോടെ ഭവന നിര്‍മ്മാണം കൂടുതല്‍ താങ്ങാവുന്നതാകും. അടിസ്ഥാ സൗകര്യവികസനം വര്‍ദ്ധിക്കും.
വാഹന മേഖല
വാഹന മേഖലയില്‍ ചെറുകാറുകള്‍,350 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍, വാഹന ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാകുന്നു. ബസുകള്‍, ട്രക്കുകള്‍,ത്രീവീലറുകള്‍ എന്നിവയ്ക്കും 18 ശതമാനം നികുതി ചുമത്തും.
കാര്‍ഷിക മേഖല
ട്രാക്ടറുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയുന്നത് കര്‍ഷകരെ സഹായിക്കും.കൊയ്ത്തുയന്ത്രങ്ങള്‍, മെതി യന്ത്രങ്ങള്‍, സ്പ്രിംഗ്ലറുകള്‍, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും ജൈവ കീടനാശിനികള്‍, പ്രകൃതിദത്ത മെന്തോള്‍ എന്നിയവയ്ക്കും 5 ശതമാനം ജിഎസ്ടിയാണ് ചുമത്തുക.
ചികിത്സാരംഗം
30ലധികം ജീവന്‍ രക്ഷാ മരുന്നുകളും ഡയഗ്‌നോസ്റ്റിക് കിറ്റുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ആയുര്‍വേദം, യുനാനി തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളില്‍ നിന്നുള്ള മറ്റ് മരുന്നുകള്‍ക്ക് 5% നികുതി ചുമത്തും. തെര്‍മോമീറ്ററുകള്‍, ഗ്ലൂക്കോമീറ്ററുകള്‍, തിരുത്തല്‍ കണ്ണടകള്‍ തുടങ്ങി മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5% നികുതി ബാധകമാകും.
സേവന മേഖല
സേവന മേഖലയില്‍ ഉപഭോക്താക്കള്‍ക്കുള്ള ചെലവ് കുറയും. പ്രതിദിനം 7,500 രൂപ വരെ ചെലവ് വരുന്ന ഹോട്ടല്‍ താമസങ്ങള്‍ക്ക് 5% നികുതിയാണ് ചുമത്തപ്പെടുക. നേരത്തെയിത് 12 ശതമാനമായിരുന്നു. ജിമ്മുകള്‍, സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, യോഗ സെന്ററുകള്‍ എന്നിവയിലെ സേവനങ്ങള്‍ക്ക് ജിഎസ്ടി 18% ല്‍ നിന്ന് 5% ആയി കുറയും. ഇത് വെല്‍നസ് സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പിന്തുണയ്ക്കുകയും ചെയ്യും.
വിദ്യാഭ്യാസ രംഗം
പെന്‍സിലുകള്‍, ക്രയോണുകള്‍, ഷാര്‍പ്പനറുകള്‍, ഇറേസറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ അടിസ്ഥാന പഠന ഉപകരണങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജ്യാമിതി ബോക്‌സുകള്‍ക്കും സ്‌ക്കൂള്‍ സാധനങ്ങള്‍ക്കുമുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറഞ്ഞു.
കൈത്തറി മേഖല: തുണിത്തരങ്ങള്‍ക്കും കരകൗശല മേഖകള്‍ക്കും പ്രയോജനം ലഭ്യമാകും. നൂലുകളുടേയും നാരുകളുടേയും പ്രതിമകള്‍,പെയിന്റിംഗുകള്‍, പരമ്പരാഗത കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു.
വില കുറയ്ക്കുക, ഉപഭോക്തൃ ആവശ്യം വര്‍ദ്ധിപ്പിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, അനുസരണം ലളിതമാക്കുക, നികുതി അടിത്തറ വിശാലമാക്കുക, ഉല്‍പ്പാദനം ഉത്തേജിപ്പിക്കുക, വരുമാനം വര്‍ദ്ധിപ്പിക്കുക, സാമൂഹിക ക്ഷേമ പരിപാടികള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.