ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഓഹരി വിപണിയിലെ മുന്നേറ്റം തുടരുമോയെന്ന ആകാംക്ഷയിൽ നിക്ഷേപകർ

ഹരി വിപണിയില്‍ ഒരു ആശ്വാസ മുന്നേറ്റമാണ്‌ കഴിഞ്ഞ ആഴ്‌ചയിലുടനീളം കണ്ടതത്‌. കഴിഞ്ഞ ആറ്‌ വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ നിഫ്‌റ്റി ഏകദേശം 800 പോയിന്റാണ്‌ ഉയര്‍ന്നത്‌. ജൂണ്‍ 17ന്‌ 15,193 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റിഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം 16,752 പോയിന്റാണ്‌. വീണ്ടും ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിലാണോയെന്ന ചോദ്യമാണ്‌ നിക്ഷേപകര്‍ മുന്നോട്ടുവെക്കുന്നത്‌. കഴിഞ്ഞ ഒക്‌ടോബറില്‍ നിഫ്‌റ്റി 18,600 വരെ മുന്നേറുന്നതിന്‌ വഴിവെച്ച ബുള്‍ മാര്‍ക്കറ്റിന്റെ ആരവം വീണ്ടും വിപണിയില്‍ ദൃശ്യമാകുമോയെന്നാണ്‌ ഈ ആശ്വാസ മുന്നേറ്റം കണ്ട്‌ അവര്‍ ചോദിക്കുന്നത്‌.

ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്‌ അടിസ്ഥാനപരമായി ധനലഭ്യതയാണ്‌. 2008ല്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി സെന്‍ട്രല്‍ ബാങ്കുകള്‍ കണ്ടെത്തിയ കറന്‍സി അച്ചടിച്ചിറക്കുക എന്ന മറുമരുന്നാണ്‌ ഓഹരി വിപണികളെ കുതിപ്പിച്ചത്‌. 2020ല്‍ കോവിഡിന്‌ മുമ്പില്‍ ആഗോള സമ്പദ്‌വ്യവസ്ഥ പരുങ്ങലിലായപ്പോഴും ഇതേ മറുമരുന്ന്‌ സെന്‍ട്രല്‍ ബാങ്കുകള്‍ പ്രയോഗിച്ചു. അതിന്റെ ഫലമായാണ്‌ ആഗോള ഓഹരി വിപണി പുതിയ ഉയരങ്ങള്‍ തൊട്ടത്‌.

ഉത്തേജക പദ്ധതികള്‍ വഴി വിപണിയിലെത്തിയ ധനം വിവിധ ആസ്‌തി മേഖലകളില്‍ കുമിളകള്‍ രൂപം കൊള്ളുന്നതിന്‌ വഴിവെക്കുന്നതാണ്‌ നാം കഴിഞ്ഞ വര്‍ഷം കണ്ടത്‌. അതേ സമയം ഇന്ന്‌ നാം അഭിമുഖീകരിക്കുന്നത്‌ തീര്‍ത്തും വ്യത്യസ്‌തമായ മറ്റൊരു സാഹചര്യത്തെയാണ്‌. വിപണിയിലെ അമിത ധനലഭ്യത മൂലമുണ്ടായ അനിയന്ത്രിതമായ പണപ്പെരുപ്പത്തെ ഏത്‌ വിധേനയും പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ്‌ സെന്‍ട്രല്‍ ബാങ്കുകള്‍. അതിനായി അവ പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത്‌ മൂലം സാമ്പത്തിക മാന്ദ്യത്തിന്‌ വഴിവെക്കുമോയെന്ന ആശങ്കയിലാണ്‌ ലോകം. പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിന്റെ പാര്‍ശ്വഫലമെന്ന നിലയില്‍ സാമ്പത്തിക മാന്ദ്യത്തെ നേരിടേണ്ടി വന്നാലും പണപ്പെരുപ്പത്തെ നിയന്ത്രിച്ചേ തീരൂവെന്ന നിശ്ചയദാര്‍ഢ്യത്തിലാണ്‌ സെന്‍ട്രല്‍ ബാങ്കുകള്‍.

മാന്ദ്യമുണ്ടായാല്‍ 2008 മുതല്‍ പലപ്പോഴായി ചെയ്‌തതു പോലെ ധനലഭ്യത ഉയര്‍ത്തുക വഴി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമം സെന്‍ട്രല്‍ ബാങ്കുകളുടെ ഭാഗത്തു നിന്ന്‌ ഇനിയുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലേക്ക്‌ പഴയതു പോലുള്ള ധനപ്രവാഹം സമീപഭാവിയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്‌ അടിസ്ഥാനപരമായി ധനലഭ്യതയാണ്‌ എന്നിരിക്കെ വിപണി തുടര്‍ന്നും മുന്നേറാനുള്ള സാധ്യത വളരെ കുറവാണ്‌.

ഇപ്പോള്‍ നാം കാണുന്നത്‌ ബെയര്‍ മാര്‍ക്കറ്റിലെ ആശ്വാസ മുന്നേറ്റമാണ്‌. ക്രൂഡ്‌ ഓയില്‍ ഉള്‍പ്പെടെയുള്ള കമ്മോഡിറ്റികളുടെ വില വലിയൊരു കുതിപ്പിനു ശേഷം ചെറിയൊരു അളവില്‍ കുറഞ്ഞതാണ്‌ വിപണിയിലെ ആശ്വാസ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. എന്നാല്‍ പണപ്പെരുപ്പം ചെറിയ തോതില്‍ കുറഞ്ഞാലും ഇതുകൊണ്ടൊന്നും ഉദ്ദേശിക്കുന്ന നിലവാരത്തിലേക്ക്‌ നിയന്ത്രണ വിധേയമാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടുതന്നെ കടുത്ത നടപടികളുമായി സെന്‍ട്രല്‍ ബാങ്കുകള്‍ മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകാനും സാധ്യതയില്ല.

ബോണ്ട്‌ യീല്‍ഡ്‌ കുറയുന്ന സാഹചര്യം വരുമ്പോള്‍ മാത്രമേ ഇനി ഓഹരി വിപണിയില്‍ യഥാര്‍ത്ഥ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇന്ത്യയിലെ പത്ത്‌ വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടിന്റെ യീല്‍ഡ്‌ നിലവില്‍ 7.41 ശതമാനമാണ്‌. ഇത്‌ അടുത്ത മാര്‍ച്ചോടെ 8.5 ശതമാനം വരെയായി ഉയരാന്‍ സാധ്യതയുണ്ട്‌. അതിനു ശേഷം മാത്രമേ ബോണ്ട്‌ യീല്‍ഡ്‌ കുറയുന്ന ചക്രത്തിലേക്ക്‌ കടക്കാന്‍ സാധ്യതയുള്ളൂ. ഈ ചക്രം ആരംഭിക്കുകയും ഏഴ്‌ ശതമാനം നിലവാരത്തിലേക്ക്‌ ബോണ്ട്‌ യീല്‍ഡ്‌ താഴുകയും ചെയ്യുന്ന സ്ഥിതിയിലെത്തുമ്പോള്‍ മാത്രമേ ഓഹരി വിപണിയിലെ അടുത്ത മുന്നേറ്റത്തിന്റെ ഘട്ടം ആരംഭിക്കാനിടയുള്ളൂ. അതിന്‌ നാം ഇനിയും ഒന്നര-രണ്ട്‌ വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

ഓഹരി വിപണിയെ മാന്ദ്യഭീതി, ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്‌ തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ വീണ്ടും താഴേക്ക്‌ നയിക്കാന്‍ തന്നെയാണ്‌ സാധ്യത. സാങ്കേതികമായി നിഫ്‌റ്റിയുടെ അടുത്ത പ്രധാന താങ്ങ്‌ നിലവാരം 14,300 പോയിന്റാണ്‌.

X
Top