
ന്യൂഡൽഹി: വാട്സാപ് ഉപയോക്താക്കളിൽനിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതിനെതിരെ മെറ്റയ്ക്ക് കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) ഏർപ്പെടുത്തിയ വിലക്ക് ദേശീയ കമ്പനി നിയമ അപ്‍ലറ്റ് ട്രൈബ്യൂണൽ നീക്കി. പക്ഷേ പിഴയായി സിസിഐ ചുമത്തിയ 213.14 കോടി രൂപ ട്രൈബ്യൂണൽ നിലനിർത്തി.
വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ കമ്പനികളുടെ മാതൃകമ്പനിയാണ് മെറ്റ. കഴിഞ്ഞവർഷം നവംബറിലാണ് സിസിഐ 5 വർഷത്തേക്ക് ഡേറ്റ പങ്കുവയ്ക്കൽ വിലക്കിയതും പിഴ ചുമത്തിയതും. എന്നാൽ ജനുവരിയിൽ ട്രൈബ്യൂണൽ ഈ രണ്ട് നടപടികൾക്കും സ്റ്റേ അനുവദിച്ചിരുന്നു.
ഇപ്പോൾ ജസ്റ്റിസ് അശോക് ഭൂഷണൺ ചെയർപേഴ്‌സണായ ബെഞ്ചാണ് മെറ്റയ്ക്കും ആശ്വാസമേകുന്ന ഉത്തരവിറക്കിയത്. എന്നാൽ പിഴ അടയ്ക്കേണ്ടി വരും. വാട്സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യത മാറ്റിയിട്ടില്ലെന്ന് മെറ്റാ വക്താവ് റോയിട്ടേഴിസിനോട് പറഞ്ഞു. അത്തരം സന്ദേശങ്ങളുടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് സുരക്ഷ തുടരുമെന്നും വക്താവ് അറിയിച്ചു.
വാട്സാപ്പിന്റെ പുതുക്കിയ സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആശയവിനിമയത്തിന് കഴിയില്ലെന്ന അവസ്ഥയിലേക്ക് നേരത്തെ ഈ വിഷയം എത്തിയിരുന്നു. ഈ വിഷയത്തിൽ വാട്‌സാപ് തങ്ങളുടെ ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ.






