ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന സേവനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. പൗരന്മാരുടെ വിവിധ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒരു ആപ്പില്‍ ലഭിക്കുന്ന സംവിധാനം, പൗരന്മാരുടെ ‘ഡിജിറ്റൽ ശാക്തീകരണം’ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്. ഡിജിലോക്കർ സിസ്റ്റത്തിൽ നൽകിയിരിക്കുന്ന രേഖകൾ യഥാർത്ഥ ഫിസിക്കൽ ഡോക്യുമെന്റുകൾക്ക് തുല്യമായി കണക്കാക്കപ്പെടുന്നു.
“പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിലെ മൈ ജിഒവി (MyGov) ഹെൽപ്പ്‌ഡെസ്‌കിൽ ഡിജിലോക്കർ സേവനങ്ങൾ ലഭിക്കും. കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പിൽ മൈ ജിഒവി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന പൗര സേവനമായിരിക്കും ഡിജിലോക്കര്‍ (Digilocker) കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
“പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. സർക്കാർ സേവനങ്ങളും പൗരന്മാരുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ് ഡെസ്‌കെന്ന് വാര്‍ത്ത കുറിപ്പ് പറയുന്നു.
ഡിജിലോക്കർ പോലുള്ള പുതിയ കൂട്ടിച്ചേര്‍ക്കുന്നതോടെ, വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ചാറ്റ്‌ബോട്ട്, പൗരന്മാർക്ക് ഡിജിറ്റലായി ലഭിക്കുന്ന സര്‍ക്കാര്‍ അവശ്യ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാനുള്ള സമഗ്രമായ ഒരു അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സിസ്റ്റമായി വളരുകയാണ്.
പുതിയ സേവനം പൗരന്മാർക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് തന്നെ പ്രധാന രേഖകൾ എളുപ്പത്തിലും സൗകര്യത്തോടെയും ലഭിക്കുവാന്‍ അവസരം നല്‍കുന്നു. പത്താംക്ലാസ് മാർക്‌ഷീറ്റ്, പന്ത്രണ്ടാം ക്ലാസ് മാർക്ക്‌ഷീറ്റ്, ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ്,(ലൈഫ്, നോൺ ലൈഫ് എന്നിവ) ഡിജിലോക്കറിൽ ലഭ്യമാകും.
രാജ്യത്തുടനീളമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് +91 9013151515 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘നമസ്‌തേ’ അല്ലെങ്കിൽ ‘ഹായ്’ അല്ലെങ്കിൽ ‘ഡിജിലോക്കർ’ അയച്ച് ചാറ്റ്ബോട്ട് ഉപയോഗിക്കാം.
ഡിജിലോക്കറിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള 10 കോടിയിലേറെ ആളുകളുടെ 500 കോടിയോളം രേഖകളും നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പിലെ സേവനം ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ഫോണുകളിൽ ഉപയോഗിക്കുന്നതിനാല്‍ ആധികാരിക രേഖകളും വിവരങ്ങളും ലഭിക്കുന്ന സംവിധാനം നിരവധിപ്പേര്‍ ഉപയോഗിക്കും എന്നാണ്, മൈ ജിഒവി സിഇഒ അഭിഷേക് സിംഗ് പറയുന്നത്.