
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പഴവില കുത്തനെ ഉയര്‍ന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ വര്‍ദ്ധനവ് 13.2 ശതമാനമാണ്. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്. കാലാവസ്ഥ വ്യതിയാനം കാരണം വിളകള്‍ നശിച്ചതും ഡിമാന്റ് വര്‍ദ്ധിച്ചതുമാണ് വിലകൂട്ടിയത്.
അതേസമയം പച്ചക്കറികളുടെ വില ഇതേ കാലയളവില്‍ 10.9 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ഉപഭോക്തൃ പണപ്പെരുപ്പം ഈ കാലയളവില്‍ 2.7 ശതമാനമായി ഇടിഞ്ഞു.
ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാഴപ്പഴത്തിന്റെയും ആപ്പിളിന്റെയും വിലവര്‍ദ്ധവ് 8.1 ശതമാനവും 12.2 ശതമാനവുമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെക്കൂടുതല്‍. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ജമ്മു ആന്റ് കാശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. ഇത് വിളനാശത്തിനും വിതരണ ശൃംഖല തടസ്സങ്ങള്‍ക്കും കാരണമായി.
ലിച്ചി, പിയര്‍, സിംഗാര (വാട്ടര്‍ ചെസ്റ്റ്‌നട്ട് എന്നും അറിയപ്പെടുന്നു) തുടങ്ങിയവയുടെ വില ശരാശരി 13.9% വര്‍ദ്ധിച്ചു. 2024 ല്‍ ഇത് 6.5 ശതമാനമായിരുന്നു.വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. അമിത മഴ, വാഴ വിളയുടെ ഗുണനിലവാരത്തെ ബാധിച്ചുന്ന് വാഴ കര്‍ഷക അസോസിയേഷന്‍ ഓഫ് ഇന്ത്യപ്രസിഡന്റ് ബി.വി. പാട്ടീല്‍ പറയുന്നു.വാഴപ്പഴം കൂടുതലുള്ള ബീഹാറില്‍, നിരവധി കര്‍ഷകര്‍ ചോളം കൃഷിയിലേക്ക് മാറി. എത്തനോള്‍ നിര്‍മ്മിക്കാന്‍ ചോളം ഉപയോഗപ്പെടുത്തുന്നുണ്ട്.
സര്‍ക്കാര്‍ ഡാറ്റ പ്രകാരം 2023-24 കാലയളവില്‍ ഗ്രാമീണ പ്രതിശീര്‍ഷ ചെലവിന്റെ 3.85 ശതമാനവും നഗരപ്രതിശീര്‍ഷ ചെലവിന്റെ 3.87 ശതമാനവും പഴങ്ങളാണ്. വിലകുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് പലകുടുംബങ്ങളും പഴത്തെ മുന്‍ഗണനപട്ടികയില്‍ നിന്നൊഴിവാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. സംഭരണ, ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍, പഴവിലക്കയറ്റം തുടരും.