Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ഇന്ത്യയുടെ ഡീലിനെച്ചൊല്ലി ബ്രിട്ടനിൽ വാക്പോര്

ന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച ‘മദർ ഓഫ് ഓഫ് ഡീൽ‌സിനും’ ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ച ‘ഫാദർ ഓഫ് ഓൾ‌ ഡീൽസിനും’ മുൻപേ യാഥാർഥ്യമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ യുകെയിൽ പാർട്ടിഭേദമന്യേ പ്രതിഷേധം. ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസിൽ നടന്ന ചർച്ചയിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് കരാറിനെതിരെ ആഞ്ഞടിച്ചത്.

ഈ കരാർകൊണ്ട് ബ്രിട്ടനു ഒരു നേട്ടവുമില്ലെന്നും എന്നാൽ, ഇന്ത്യയ്ക്ക് ലോട്ടറിയാണെന്നും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വിമർശിച്ചു. സാമ്പത്തിക, വ്യാപാര സന്തുലനം ഉറപ്പാക്കാത്ത ഡീലാണിത്. ബ്രിട്ടനിലെ തൊഴിലോ ബിസിനസുകളോ ഈ കരാറുകൊണ്ട് സുരക്ഷിതമല്ലെന്നും അവർ കുറ്റപ്പെടുത്തി.

കൺസർവേറ്റീവ് എംപി ആൻഡ്രൂ ഗ്രിഫിത്ത് രസകരമായ വാക്കുകളിലൂടെയാണ് വിമർശനം തൊടുത്തത്. ‘‘നല്ല വിന്താലൂ (എരിവുള്ള കറി) ആണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിച്ചത്. കിട്ടിയതു പക്ഷേ, വെറും നനഞ്ഞ പപ്പടമായി പോയി’’ – ഗ്രിഫിത്ത് പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യയ്ക്കു മാത്രമാണ് അനുകൂലമെന്നും ഗ്രിഫിത്ത് വിമർശിച്ചു.

ഗ്രിഫിത്തിന്റെ വാക്കുകളെ അതേനാണയത്തിൽ വ്യാപാരമന്ത്രി ക്രിസ് ബ്രയന്റ് തിരിച്ചടിച്ചു. ബ്രിട്ടീഷ് കമ്പനികൾ‌ ഈ ഡീലിനെ കാണുന്നത് ‘‘നല്ല സ്വാദൂറും തന്തൂരി’ ആയാണെന്ന് ബ്രയന്റ് പറഞ്ഞു. ഇന്ത്യ വളർന്നുവരുന്ന ഉപഭോക്തൃ വിപണിയാണ്. 2050ഓടെ 100 കോടിയിലധികം ഉന്നത-വരുമാനക്കാരായ ഉപഭോക്താക്കളുള്ള രാജ്യമാകും ഇന്ത്യ. ബ്രിട്ടീഷ് കമ്പനികളെ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിലയുള്ള ഉൽപന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകുന്നത് ബ്രിട്ടീഷ് കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് ഡീലിനെതിരെ ഉയരുന്നൊരു വിമർശനം. പല തൊഴിൽ മേഖലയിലും കുറഞ്ഞ വേതനത്തിന് ഇന്ത്യക്കാരെ നിയമിക്കാൻ ഈ ഡീൽ വഴി കഴിയും. ഇത് ബ്രിട്ടീഷ് പൗരന്മാരുടെ ജോലിസാധ്യതയെ ബാധിക്കുമെന്നും ആൻഡ്രൂ ഗ്രിഫിത്ത് കുറ്റപ്പെടുത്തി.

മറ്റൊരു രാജ്യത്തിനുമില്ലാത്ത ആനുകൂല്യങ്ങളാണ് സ്വതന്ത്ര വ്യാപാരക്കരാർ വഴി ബ്രിട്ടൻ‌ ഇന്ത്യയ്ക്ക് കൊടുത്തതെന്ന് കൺസർവേറ്റീവ് എംപി കാറ്റി ലാം, ലേബർ എംപി ഇഖ്ബാൽ മുഹമ്മദ് തുടങ്ങിയവരും വിമർശിച്ചു.

കഴിഞ്ഞവർഷം ജൂലൈയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 112 ബില്യൻ ഡോളറിൽ എത്തിക്കുകയാണ് ഡീലിന്റെ പ്രധാന ലക്ഷ്യം.

X
Top