വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യയുടെ കവാടമാകാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ലോകത്തെ ഏത് വലിയ കപ്പലിനും എത്താനാകും വിധമുള്ള സൗകര്യങ്ങൾ, പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റിയേക്കും

തിരുവനന്തപുരം: മലയാളികള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്‍റെ അനുമതി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീപോര്‍ട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു കഴിഞ്ഞു.

കസ്റ്റംസ് ആക്ടിലെ സെക്‌ഷന്‍ 7എ അംഗീകാരമാണ് കിട്ടിയത്. ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചിരുന്നു.

റോഡ്, റെയില്‍ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളില്‍നിന്ന് ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകള്‍ വലിയ ചരക്കുകപ്പലിലേക്ക് (മദര്‍ വെസല്‍) മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണ് ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖങ്ങള്‍.

കസ്റ്റംസില്‍നിന്ന് സെക്‌ഷന്‍ 8, സെക്‌ഷന്‍ 45 അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. റോഡ്, റെയില്‍ കണക്റ്റിവിറ്റികളും സജ്ജമാകുന്ന മുറയ്ക്ക് വിഴി‍ഞ്ഞം തുറമുഖത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കാം.

ഇത് ഈ ഓണത്തിന് മുൻപു സാധ്യമാകുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാക്കുകള്‍ യാഥാർഥ്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇഇസഡ്) നിര്‍മാണ, മാനേജ്‍മെന്‍റ് ചുമതലകൾ നിര്‍വഹിക്കുന്ന വിഴിഞ്ഞം തുറമുഖം.

നിലവില്‍ കൊച്ചി അടക്കം കേന്ദ്ര സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് 12 പൊതുമേഖലാ മേജര്‍ തുറമുഖങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍നിന്നും തിരിച്ചും കടല്‍ വഴിയുള്ള മൊത്തം ചരക്കുനീക്കത്തിന്‍റെ 33 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖമാണ്.

ഇന്ത്യയിലെ ആദ്യ സ്വകാര്യ മേജര്‍ തുറമുഖവുമാണ് ഗുജറാത്തിലെ മുന്ദ്ര. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖവുമാണിത്. പക്ഷേ, രാജ്യാന്തര കപ്പല്‍പാതയില്‍നിന്ന് ഏറെ അകലെയാണെന്നതാണ് പോരായ്മ.

വിഴിഞ്ഞമാകട്ടെ രാജ്യാന്തര കപ്പല്‍പാതയ്ക്ക് തൊട്ടടുത്താണ്. മാത്രമല്ല, 24 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നതും 800 മീറ്റര്‍ ബെര്‍ത്താണ് സജ്ജമാകുന്നതെന്നതും വിഴിഞ്ഞത്തിന്‍റെ ആകര്‍ഷണമാകും.

ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം. 17 മീറ്ററാണ് മുന്ദ്രയുടെ ആഴം. കൊച്ചി തുറമുഖത്ത് 14.5 മീറ്ററേയുള്ളൂ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനവും പൂര്‍ത്തിയായി.

കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകള്‍ വിഴിഞ്ഞം തുറമുഖത്തുണ്ടാകും. ഇതില്‍ 31 എണ്ണവും എത്തിക്കഴിഞ്ഞു.

നിലവില്‍ ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്‍റെ മുഖ്യപങ്കും നടക്കുന്നത് കൊളംബോ, സിംഗപ്പൂര്‍, യുഎഇയിലെ ജെബല്‍ അലി തുറമുഖങ്ങളിലൂടെയാണ്.

രാജ്യാന്തര കപ്പല്‍പാതയില്‍ നിന്നുള്ള അകലം, സ്വാഭാവിക ആഴക്കുറവ്, ചെറിയ ബെര്‍ത്തുകള്‍ എന്നിവയാണ് മദര്‍ ഷിപ്പുകളെ ഇന്ത്യയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. വിഴിഞ്ഞം സജ്ജമാകുന്നതോടെ ഈ പോരായ്മ മറികടക്കാം.

മാത്രമല്ല, ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്‍റെ കവാടമായും വിഴിഞ്ഞം മാറും. നിലവില്‍ ലോകത്തെ മദര്‍ വെസലുകളില്‍ ഭൂരിഭാഗവും 10,000 ടിഇയു (ട്വന്‍റിഫുട് ഇക്വിലന്‍റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നവയാണ്.

വിഴിഞ്ഞത്താകട്ടെ 24,000 ടിഇയു വരെ ശേഷിയുള്ള വെസലുകളെ സ്വീകരിക്കാം എന്ന പ്രത്യേകതയുമുണ്ട്.

വിഴിഞ്ഞത്തെ ചരക്കുനീക്കം കേരള സര്‍ക്കാരിനും നേട്ടമാകും. നികുതിയിനത്തില്‍ വന്‍ വരുമാനമാണ് കൂടെപ്പോരുക. മുന്ദ്രയ്ക്ക് സമാനമോ അതിലേറെയോ പരിഗണന വിഴിഞ്ഞത്തിന് അദാനി ഗ്രൂപ്പ് നല്‍കിയേക്കും.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിയെ അടക്കം വിഴിഞ്ഞത്ത് എത്തിക്കാനുള്ള ശ്രമം അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. എവര്‍ഗ്രീന്‍, ഒസിഎല്‍ തുടങ്ങിയ ഷിപ്പിങ് വമ്പന്മാരുടെയും പ്രവര്‍ത്തന സാന്നിദ്ധ്യം വിഴിഞ്ഞത്ത് പ്രതീക്ഷിക്കാം.

X
Top