
വിവോയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഒറിജിന്‍ഓഎസ്6 രാജ്യാന്തര തലത്തിൽ അവതരിപ്പിച്ചു. Vivo, iQOO ഡിവൈസുകളിൽ നിലവിലുള്ള ഫൺടച്ച് ഓഎസിന് പകരമായി എത്തുന്ന ഈ ഓഎസ്, എഐ, രൂപകൽപ്പന, പ്രകടനം എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഫൺടച്ച് ഓഎസിൽ (FunTouch OS) നിന്ന് സമൂലമായ മാറ്റങ്ങളാണ് ഒറിജിന്‍ഓഎസ്6 കൊണ്ടുവരുന്നത്. 8+1 അൾട്രാ-കോർ കംപ്യൂട്ടിങ്, മെമ്മറി ഫ്യൂഷൻ, ഡ്യുവൽ റെൻഡറിംഗ് ആർക്കിടെക്ചർ എന്നിവ ഉൾപ്പെടുന്ന ഓറിജിൻ സ്മൂത്ത് എൻജിൻ (Origin Smooth Engine) ആപ്പുകൾ തുറക്കുന്നതിലെ വേഗത 18.5% വരെയും ഡാറ്റാ ലോഡിംഗ് 106 ശതമാനംം വരെയും വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എഐ സവിശേഷതകളാണ് OriginOS 6-ന്റെ മറ്റൊരു ആകർഷണം. ഐഫോണിലെ ഡൈനാമിക് ഐലൻഡിന് സമാനമായ ‘ഓറിജിൻ ഐലൻഡ്’ (Origin Island) നോട്ടിഫിക്കേഷനുകളും ക്വിക്ക് ആക്ഷനുകളും തത്സമയം നൽകുന്നു. ഇതിലെ Copy & Go, Drag & Go ഫീച്ചറുകൾ മൾട്ടിടാസ്‌കിങ് എളുപ്പമാക്കും.
എഐ റീടച്ച്, എഐ ഇറേസ്, എഐ ഇമേജ് എക്സ്പാൻഡർ, ഗൂഗിളിന്റെ ജെമിനി, സർക്കിൾ ടു സെർച്ച് എന്നിവയും എഐ ടൂളുകളിൽ ഉൾപ്പെടുന്നു. പുതിയ(ഒറിജിൻ ഡിസൈൻ സിസ്റ്റം), Vivo Sans2 (വിവോ സാൻസ് 2) ഫോണ്ട്, കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളുള്ള ലോക്ക്സ്ക്രീൻ, ഹോംസ്‌ക്രീൻ, ചലനാത്മകമായ ഫ്ലിപ്പ് കാർഡുകൾ (Flip Cards) എന്നിവ ദൃശ്യപരമായ മാറ്റങ്ങളാണ്.
ഒറിജിന്‍ഓഎസ്6 അപ്ഡേറ്റ് ലഭിക്കുന്ന ഡിവൈസുകൾ:
ഒറിജിന്‍ഓഎസ്6 അപ്‌ഗ്രേഡ് 2025 നവംബറിൽ ഘട്ടം ഘട്ടമായി ആരംഭിക്കും. ആദ്യ ഘട്ടത്തിൽ X200 Pro, X200, X200 FE, XFold 5, V60 എന്നീ മോഡലുകൾക്ക് നവംബർ 2025-ന്റെ തുടക്കത്തിൽ അപ്ഡേറ്റ് ലഭിക്കും. നവംബർ മധ്യത്തോടെ X100 Pro, X100, XFold 3 Pro എന്നിവയിലേക്കും എത്തും. V60e, V50, V50e, T4 Ultra, T4 Pro, T4R 5G തുടങ്ങിയ ഡിവൈസുകൾക്ക് 2025 ഡിസംബർ മധ്യത്തോടെ അപ്ഡേറ്റ് ലഭിക്കും. X90, X90 Pro, V40, T4 5G, T3 Ultra, Y400 5G ഉൾപ്പെടെയുള്ള മറ്റ് വിവോ സ്മാർട്ട്ഫോണുകളിലേക്ക് 2026-ന്റെ ആദ്യ പകുതിയോടെ അപ്ഡേറ്റ് എത്തുമെന്നും വിവോ അറിയിച്ചു.