
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മിഡ് സൈസ് എസ്‌യുവി ഇക്കഴിഞ്ഞ സെപ്റ്റം ബര്‍ 15നാണ് വില്‍പനക്കെത്തിയത്. അതിനും മുന്‍പേ സെപ്റ്റംബര്‍ നാലു മുതല്‍ ആരംഭിച്ച ബുക്കിങില്‍ വലിയ പ്രതികരണമാണ് വിക്ടോറിസിന് ലഭിച്ചത്. രണ്ടു മാസം കൊണ്ട് 30,000 ബുക്കിങുകള്‍ ലഭിച്ചുവെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി മോഡലിനാണെന്നതും ശ്രദ്ധേയമാണ്.
മാരുതി സുസുക്കി ഇന്ത്യയുടെ അര്‍ധ വാര്‍ഷിക പ്രകടനത്തിന്റെ വിശദാംശങ്ങളുമായി മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിക്ടോറിസിന്റെ വില്‍പനയുടെ വിശദാംശങ്ങളുള്ളത്. ‘കഴിഞ്ഞ ആഴ്ച്ച മുതല്‍ വിക്ടോറിസ് എസ് യുവിയുടെ ഷോറൂമുകളിലേക്കെത്തുകയും ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു. സിഎന്‍ജി വകഭേദത്തിന് ലഭിക്കുന്ന സ്വീകാര്യത ഞങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്’ എന്നാണ് പാര്‍ഥോ ബാനര്‍ജി പറയുന്നത്.
ഇതുവരെ 30,000ത്തിലേറെ ബുക്കിങുകള്‍ വിക്ടോറിസിന് ലഭിച്ചു കഴിഞ്ഞു. ഇതില്‍ 53 ശതമാനവും നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദങ്ങള്‍ക്കാണ്. ആകെ ബുക്കിങിന്റെ 38% സിഎന്‍ജി നേടിയിട്ടുണ്ട്. ഇത് ഏകദേശം 11,000 യൂണിറ്റുകള്‍ വരും. അണ്ടര്‍ബോഡി സിഎന്‍ജി ടാങ്കും അഡാസ് സുരക്ഷാ ഫീച്ചറുകളുമെല്ലാം വിക്ടോറിസിന്റെ സിഎന്‍ജി മോഡലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുവെന്നു വേണം കരുതാന്‍.
വിക്ടോറിസിന്റെ സഹോദരങ്ങളെന്നു വിളിക്കാവുന്ന മാരുതി സുസുക്കിയുടെ തന്നെ ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി വകഭേദത്തിന്റെ വില്‍പനയേയും കടത്തിവെട്ടുന്നതാണ് വിക്ടോറിസിന്റെ പ്രകടനം. ഗ്രാന്‍ഡ് വിറ്റാരയുടെ 2025 സാമ്പത്തികവര്‍ഷത്തിലെ ആകെ ബുക്കിങിന്റെ 19 ശതമാനമാണ് സിഎന്‍ജി വകഭേദങ്ങള്‍ക്കുള്ളത്. ഇതേ കാലയളവില്‍ വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ഇതിന്റെ മൂന്നിരട്ടി സിഎന്‍ജി വില്‍പന ഇതിനകം വിക്ടോറിസ് നേടിക്കഴിഞ്ഞു.
ഗ്രാന്‍ഡ് വിറ്റാര മാരുതി സുസുക്കിയുടെ കൂടുതല്‍ പ്രീമിയം വിഭാഗമായ നെക്‌സ ഷോറൂമുകള്‍ വഴിയാണ് വില്‍ക്കുന്നത്. അതേസമയം കൂടുതല്‍ ജനകീയ കാറുകളുള്ള അരീന ഷോറൂമുകള്‍ വഴിയാണ് വിക്ടോറിസ് വില്‍ക്കുന്നത് എന്നതും കൂടുതല്‍ പേരിലേക്ക് വിക്ടോറിസിനെ എത്തിക്കാനുള്ള സാധ്യതയാവുന്നുണ്ട്.
മറ്റൊരു പ്രധാന വ്യത്യാസം സിഎന്‍ജി ടാങ്കിന്റെ സ്ഥാനത്തിലാണ്. ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി ടാങ്ക് ബൂട്ട് ഏരിയയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്വാഭാവികമായും ഗ്രാന്‍ഡ് വിറ്റാരയുടെ ബൂട്ട്‌സ്‌പേസിനെ ഇത് സാരമായി ബാധിക്കുന്നുമുണ്ട്. അതേസമയം വിക്ടോറിസിന്റെ സിഎന്‍ജി ടാങ്ക് ബോഡിക്ക് അടിയിലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സിഎന്‍ജി വിക്ടോറിസിന്റെ ബൂട്ട് സ്‌പേസ് പരമാവധി ഉപയോഗിക്കാനും സാധിക്കുന്നുണ്ട്.
വിക്ടോറിസിന്റെ സ്‌ട്രോങ് ഹൈബ്രിഡ് വകഭേദങ്ങള്‍ ആകെ ബുക്കിങിന്റെ ഒമ്പത് ശതമാനം നേടിയിട്ടുണ്ട്. 116എച്ച്പി, 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ പവര്‍ട്രെയിന്‍ ഇ-സിവിടി ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്‌ട്രോങ് ഹൈബ്രിഡിന്റെ വില 16.38 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെയാണ്.
ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് വിക്ടോറിസിനായി ആളെ കൂട്ടുന്ന മറ്റൊരു പ്രധാന ഘടകം. ZXi+, ZXi(O) വകഭേദങ്ങളുടെ പെട്രോള്‍ ഓട്ടമാറ്റിക്കിലാണ് ലെവല്‍ 2 അഡാസുള്ളത്. ആകെ ബുക്കിങിന്റെ 16% ഈ വകഭേദങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ സുരക്ഷക്ക് കൂടിയ പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ സൂചനയും ഇതുവഴി ലഭിക്കുന്നുണ്ട്.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ പല പ്രധാന നഗരങ്ങളിലും വിക്ടോറിസിനായി ബുക്ക് ചെയ്ത് രണ്ടു മാസം വരെ കാത്തിരിക്കേണ്ട നിലയുണ്ട്.






