
കൊച്ചി: എണ്ണ-പ്രകൃതി വാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ വേദാന്ത നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തെ അറ്റാദായത്തില്‍ 60 ശതമാനം വര്‍ധനവ് കൈവരിച്ചു. 7,807 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷമിത് 4,876 കോടി രൂപയായിരുന്നു.
ഈ ത്രൈമാസത്തിലെ പ്രവര്‍ത്തന മൂലധനം 15,171 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ വേദാന്ത 1.3 ബില്യണ്‍ ഡോളറാണ് ബിസിനസ് വികസനം ലക്ഷ്യമാക്കി നടത്തുന്ന നിക്ഷേപ ചെലവ്. 620 കിലോടണ്ണോടെ അലുമിനിയം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ഉല്‍പ്പാദനം കൈവരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ത്രൈമാസ വരുമാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 45,899 കോടി രൂപയും കൈവരിച്ചിട്ടുണ്ട്. വേദാന്തയെ സംബന്ധിച്ചടത്തോളം മൂന്നാം ത്രൈമാസത്തെ പ്രവര്‍ത്തന ഫലം ഒരു നാഴികക്കല്ലാണെന്നും അലൂമിനിയത്തോടൊപ്പം സിങ്കും വന്‍ നേട്ടം കൈവരിച്ചതായും വേദാന്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ മിശ്ര പറഞ്ഞു.
വരുമാനത്തിന്റെ കാര്യത്തില്‍ 19 ശതമാനം വര്‍ധനവു കൈവരിച്ച ത്രൈമാസം കൂടിയായിരുന്നു കഴിഞ്ഞു പോയതെന്ന് വേദാന്ത ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അജയ് ഗോയല്‍ പറഞ്ഞു.






