
ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾക്കുള്ള ഇന്ത്യൻ സംഘം വീണ്ടും യുഎസിലെത്തി. കരാറിന്റെ ആദ്യ പാദ ചർച്ചകൾ പൂർത്തിയാക്കി രണ്ടാഴ്ച മുൻപാണ് ഇന്ത്യൻ സംഘം യുഎസിൽ നിന്നെത്തിയത്.
കാർഷികമേഖല, ഓട്ടമൊബീൽ, കൃഷി അടക്കമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഉടമ്പടി വൈകാൻ കാരണമായത്. തുടർന്നാണ് ചർച്ചകൾ വീണ്ടും പുനരാരംഭിച്ചത്. മിനി വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും വൈകുകയായിരുന്നു.
യുഎസിന്റെ പകരം തീരുവ നിലവിൽ വരുന്ന ഓഗസ്റ്റ് ഒന്നിനു മുൻപ് ചർച്ച പൂർത്തിയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇടക്കാല കരാർ, പൂർണ കരാർ എന്നിങ്ങനെ വേർതിരിച്ചുകാണുന്നില്ലെന്നും സമ്പൂർണമായ കരാറിനാണ് ചർച്ചകൾ നടക്കുന്നതെന്നുമാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കാർഷിക മേഖല തുറന്നുകൊടുക്കണമെന്ന യുഎസിന്റെ ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കാർഷികമേഖല തുറന്നുകൊടുക്കുന്നത് രാഷ്ട്രീയപരമായി സർക്കാരിന് വലിയ തിരിച്ചടിയായി മാറാം. പല കാർഷിക ഉൽപന്നങ്ങളുടെയും തീരുവ കുറയ്ക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഇങ്ങനെ ചെയ്താൽ കർഷകർക്ക് തിരിച്ചടിയാകാം.
ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും യുഎസിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ നാളുകളായി ഇന്ത്യ ഇതിനെതിരാണ്. ഒരു വ്യാപാരക്കരാറിലും ക്ഷീരമേഖലയിൽ ഇളവു നൽകിയിട്ടില്ല.
അത് യുഎസിന്റെ കാര്യത്തിലും തുടരുമെന്നാണു കേന്ദ്രവൃത്തങ്ങൾ പറയുന്നത്.