
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് രാജ്യത്തിന്റെ തൊഴിലധിഷ്ഠിത കയറ്റുമതി മേഖലകളെ നേരിട്ട് ബാധിക്കുമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
2025 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 86.5 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 50-55 ബില്യണ്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളെ പുതിയ താരിഫ് നേരിട്ട് ബാധിക്കും. ഓഗസ്റ്റ് 7നും 27നും രണ്ട് ഘട്ടങ്ങളിലായാണ് ഈ വര്‍ധനവ് പ്രാബല്യത്തില്‍ വരിക.
ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗങ്ങളായ വസ്ത്രങ്ങള്‍, ജൈവ രാസവസ്തുക്കള്‍, കാര്‍പ്പറ്റുകള്‍, രത്‌നങ്ങള്‍, സ്വര്‍ണ്ണ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ലോകത്തെ തന്നെ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ നേരിടേണ്ടിവരും. വസ്ത്രങ്ങള്‍ക്കും അപ്പാരലുകള്‍ക്കും ഏകദേശം 64 ശതമാനം താരിഫാണ് ബാധകമാകുക. രാസവസ്തുക്കള്‍ക്ക് 54% വും കര്‍പ്പറ്റുകള്‍ക്ക് 52.9% വും രത്‌നങ്ങള്‍ക്കും സ്വര്‍ണ ഉല്‍പ്പന്നങ്ങള്‍ക്കും 52.1% വും തീരുവ നേരിടേണ്ടി വരും. ഗ്‌ളോബല്‍ ട്രേഡ് റിസര്‍ച്ച് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (FIEO) പ്രസിഡന്റായ എസ് സി റാല്‍ഹാന്‍ പറയുന്നതനുസരിച്ച് ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തേയും താരിഫ് ബാധിക്കും. ഇത് നമ്മുടെ കയറ്റുമതിക്കാരെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലാക്കുന്നു. ‘
ഇന്ത്യയുടെ എംഎസ്എംഇ മേഖലയായിരിക്കും കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, വസ്ത്ര നിര്‍മ്മാണത്തില്‍ 4 ദശലക്ഷം ആളുകളും അപ്പാരല്‍ ഉല്‍പ്പാദനത്തില്‍ 11.12 ദശലക്ഷം ആളുകളും ജോലി ചെയ്യുന്നത്.
വസ്ത്രങ്ങള്‍, അപ്പാരല്‍, കടല്‍ ഉല്‍പ്പന്നങ്ങള്‍, ചെരുപ്പ് മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന് എഫ്‌ഐഇഒ മുന്‍ വൈസ് പ്രസിഡന്റായ ഇസ്രാര്‍ അഹമ്മദ് മുന്നറിയിപ്പ് നല്‍കി. ”ഇവ തൊഴിലവസരങ്ങള്‍ കൂടുതലുള്ളതും ലാഭം കുറവുള്ളതുമായ മേഖലകളാണ്,” അദ്ദേഹം പറഞ്ഞു.
”ഇത് തുടരുകയാണെങ്കില്‍, നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ട്.” പേരുവെളിപെടുത്താത്ത കയറ്റുമതി വ്യവസായി പറഞ്ഞു.
”ഓഗസ്റ്റ് 6ന് പ്രഖ്യാപിച്ച യുഎസ് താരിഫ് വര്‍ധനവ് ഇന്ത്യയുടെ വസ്ത്ര-അപ്പാരല്‍ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഇത് സങ്കീര്‍ണ്ണമായ സാഹചര്യത്തെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു,” കണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ (ഇകഠക) ചെയര്‍മാനായ രാകേഷ് മേഹ്ര അറിയിക്കുന്നു.
സാമ്പത്തിക വര്‍ഷം 2025ല്‍ ഇന്ത്യയുടെ റെഡി-മേഡ് വസ്ത്രങ്ങളുടെ കയറ്റുമതി 5.3 ബില്യണ്‍ ഡോളറാണ്. ജൂണ്‍ 2025-ല്‍ വസ്ത്ര-അപ്പാരല്‍ കയറ്റുമതിയില്‍ 3.3% മാത്രമാണ് വളര്‍ച്ച ഉണ്ടായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവും വിയറ്റ്‌നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളേക്കാള്‍ വളരെ പിന്നിലുമാണ്.
ചെരുപ്പ് കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തില്‍ 1 ബില്യണ്‍ ഡോളറിന് താഴെയാണ്. ഈ മേഖലയില്‍ 20% കയറ്റുമതിയാണ് യുഎസിലേക്കുള്ളത്.
കയറ്റുമതി ഓര്‍ഡറുകള്‍ ഇപ്പോള്‍ തന്നെ നിര്‍ത്തിവച്ചിരിക്കയാണെന്ന് റാല്‍ഹാന്‍ അറിയിച്ചു. യുഎസ് ക്ലയ്ന്റുകള്‍ എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കുന്നതിനാലാണിത്. എസ്എംഇകള്‍ ധാരാളമുള്ള ഈ മേഖലയ്ക്കിത് താങ്ങാനാകില്ല.
വ്യാപാര പ്രതിസന്ധി ഉയരുന്നതിനിടെ, കയറ്റുമതിക്കാരും വ്യവസായ സംഘടനകളും സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെടുകയാണ്.