
വാഷിംഗ്‌ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ സാധ്യമാകാത്തതിൽ പുതിയ വിശദീകരണവുമായി യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാതെ കരാർ യാഥാർഥ്യമാകില്ലെന്ന് യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നിക് വ്യക്തമാക്കി. മോദി ഫോണിൽപ്പോലും ട്രംപുമായി സംസാരിക്കാൻ തയാറായിട്ടില്ല. ഒരു പോഡ്‍കാസ്റ്റ് ഷോയിലാണ് ലുട്‍നിക്ക് ഇക്കാര്യം പറഞ്ഞത്. ലുട്‍നിക്കിന്‍റെ പ്രസ്താവനയിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
‘‘ഒരു കാര്യം വ്യക്തമായി പറയാം, ഇത് ട്രംപിന്‍റെ കരാറാണ്. മറ്റുള്ളവരുമായി സംസാരിച്ച് ധാരണയിലെത്താൻ അതിവിദഗ്‍ധനാണ് അദ്ദേഹം. മോദി ട്രംപിനെ വിളിച്ചിരുന്നെങ്കിൽ കരാർ സാധ്യമായേനെ. ഇന്ത്യ അതിന് ഒരുക്കമല്ല. മോദി വിളിച്ചതുമില്ല. ഇതിന്‍റെ അടുത്ത ആഴ്ച ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് കരാറിലെത്തി. ഈ രാജ്യങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവയും കുറച്ചു’’- ലുട്നിക് പറഞ്ഞു.
ഇന്ത്യയുമായി ഇവരേക്കാൾ നേരത്തെ കരാറിലെത്താമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. മൂന്ന് ആഴ്ച്കൾക്ക് ശേഷം യുഎസ് നിബന്ധനകൾ അംഗീകരിക്കാമെന്ന് അറിയിച്ച് ഇന്ത്യ മുന്നോട്ടു വന്നെങ്കിലും ഞങ്ങൾ ഒരുക്കമായിരുന്നില്ല. ആദ്യ ചർച്ചയിൽ ധാരണയിലെത്തിയ വ്യവസ്ഥകൾ അനുസരിച്ച് ഇനി വ്യാപാര കരാറുമായി മുന്നോട്ടുപോകാൻ യുഎസ് ഒരുക്കമല്ല. ആ ഓഫർ ഇനിയില്ല – ലുട്നിക് വ്യക്തമാക്കി.
വിവിധ രാജ്യങ്ങൾക്ക് മേൽ യുഎസ് ഇറക്കുമതി തീരുവ ചുമത്തിയെങ്കിലും ഇളവ് ലഭിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടാകുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രതീക്ഷ. കഴിഞ്ഞ വർഷം ജൂലൈയില്‍ യുറോപ്യൻ യൂണിയൻ, യുകെ, ജപ്പാൻ, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറിലെത്തി.
ഇന്ത്യയുമായുള്ള കരാർ ചർച്ചകൾ പാതിവഴിയിൽ മുടങ്ങി. ഇരുരാജ്യങ്ങളും പല റൗണ്ട് ചർച്ചകൾ നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.
നിലവില്‍ യുഎസ് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് നീക്കങ്ങൾക്കിടെയാണ് ലുട്‍നിക്കിന്‍റെ പ്രസ്താവനയെന്നതും ശ്രദ്ധേയം.






