
വാഷിങ്ടണ്‍: ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് ഉത്തരവ് അമേരിക്ക പുറപ്പെടുവിച്ചു.
ഇത് പ്രകാരം ഉപഭോഗത്തിനായി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തതും വെയര്‍ഹൗസില്‍ നിന്നും പിന്‍വലിക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവകള്‍ ബാധകമാകും. റഷ്യ തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ഭീഷണിയാണ് താരിഫിനാധാരമെന്ന് ഉത്തരവ് പറയുന്നു.
റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടര്‍ന്ന ഇന്ത്യന്‍ നടപടിയാണ് യുഎസിനെ പ്രകോപിപ്പിക്കുന്നത്. എണ്ണയിനത്തില്‍ ലഭിക്കുന്ന തുക റഷ്യ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ യൂറോപ്യന്‍ യൂണിയനും ചൈനയുമുള്‍പ്പടെയുള്ളവര്‍ യഥാക്രമം റഷ്യന്‍ വാതകവും എണ്ണയും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ തിരിച്ചടിച്ചു.
കാര്‍ഷിക,ക്ഷീര വിപണി വിപണി തുറന്നുകൊടുക്കാത്ത ഇന്ത്യന്‍ സമീപനവും യുഎസിനെ പ്രകോപിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക്‌മേല്‍ അമേരിക്ക ചുമത്തിയ 25 ശതമാനം താരിഫ് ഇതിനോടകം നിലവില്‍വന്നു.