
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവനും ഗ്രൂപ്പ് ഡയറക്ടറുമായ സാഗർ അദാനിക്കും എതിരെ യുഎസ് ഏജൻസികൾ തുടക്കമിട്ട കൈക്കൂലിക്കേസ് വീണ്ടും സജീവമാകുന്നു.
കേസുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കും മറ്റും സമൻസ് ഇന്ത്യൻ കോടതികൾ വഴി കൈമാറാൻ നീക്കം നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. സമൻസ് കൈമാറാൻ രണ്ടുതവണ ശ്രമിച്ചിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഇ-മെയിൽ വഴി സമൻസ് കൈമാറിക്കോട്ടെ എന്ന് കോടതിയോട് ചോദിച്ചു.
ഇന്ത്യയിൽ ഊർജ വിതരണ കരാർ സ്വന്തമാക്കാനായി സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൻ ഡോളർ (ഏകദേശം 2,300 കോടി രൂപ) കൈക്കൂലി നൽകിയെന്നും അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ച് പദ്ധതിക്കായി നിക്ഷേപം സ്വന്തമാക്കിയെന്നും ആരോപിച്ചാണ് കേസ്.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമപരമായി നേരിടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി).
അദാനി ഗ്രീൻ എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഇങ്ങനെ പണംകൊടുക്കുന്നതു മറച്ചുവച്ചുവെന്നും കമ്പനി സുതാര്യമായും അഴിമതിക്കെതിരായുമാണ് പ്രവർത്തിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് യുഎസ് നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വന്തമാക്കി എന്നും ആരോപമുണ്ടായിരുന്നു.
എസ്ഇക്ക് ഇന്ത്യയിലുള്ള വ്യക്തികൾക്ക് ഇത്തരത്തിൽ സമൻസ് അയക്കാൻ വ്യവസ്ഥയുണ്ടോ എന്ന് ഇന്ത്യ സംശയം പ്രകടിപ്പിച്ചിരുന്നതായും കോടതിയിൽ എസ്ഇസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയശേഷം താരിഫ് വിഷയത്തിലുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മോശമായിരുന്നു. അദാനിയുടെ കേസിൽ സമൻസ് മടക്കുന്നതിൽ ഇതുമൊരു കാരണമാണോയെന്ന് വ്യക്തമല്ല.






