
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയതിനെ അപേക്ഷിച്ച് വളരെക്കൂടുതലാണിത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 86.5 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ 50-55 ബില്യണ്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളെ പുതിയ താരിഫ് നേരിട്ട് ബാധിക്കും
സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റായ എസ് സി റാല്‍ഹാന്‍ പറയുന്നതനുസരിച്ച് ഇന്ത്യന്‍ കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തേയും താരിഫ് ബാധിക്കും. ഇത് നമ്മുടെ കയറ്റുമതിക്കാരെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലാക്കുന്നു. ‘
ഇന്ത്യയുടെ എംഎസ്എംഇ മേഖലയായിരിക്കും കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, വസ്ത്ര നിര്‍മ്മാണത്തില്‍ 4 ദശലക്ഷം ആളുകളും അപ്പാരല്‍ ഉല്‍പ്പാദനത്തില്‍ 11.12 ദശലക്ഷം ആളുകളും ജോലി ചെയ്യുന്നത്.
വസ്ത്രങ്ങള്‍, അപ്പാരല്‍, കടല്‍ ഉല്‍പ്പന്നങ്ങള്‍, ചെരുപ്പ് മേഖലകളില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന് എഫ്ഐഇഒ മുന്‍ വൈസ് പ്രസിഡന്റായ ഇസ്രാര്‍ അഹമ്മദ് മുന്നറിയിപ്പ് നല്‍കി. ”ഇവ തൊഴിലവസരങ്ങള്‍ കൂടുതലുള്ളതും ലാഭം കുറവുള്ളതുമായ മേഖലകളാണ്,” അദ്ദേഹം പറഞ്ഞു.
”ഇത് തുടരുകയാണെങ്കില്‍, നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ട്.” പേരുവെളിപെടുത്താത്ത കയറ്റുമതി വ്യവസായി പറഞ്ഞു.
”ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വന്ന യുഎസ് താരിഫ് വര്‍ധനവ് ഇന്ത്യയുടെ വസ്ത്ര-അപ്പാരല്‍ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. ഇത് സങ്കീര്‍ണ്ണമായ സാഹചര്യത്തെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു,” കണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായ രാകേഷ് മേഹ്ര അറിയിക്കുന്നു.
സാമ്പത്തിക വര്‍ഷം 2025ല്‍ ഇന്ത്യയുടെ റെഡി-മേഡ് വസ്ത്രങ്ങളുടെ കയറ്റുമതി 5.3 ബില്യണ്‍ ഡോളറാണ്. ജൂണ്‍ 2025-ല്‍ വസ്ത്ര-അപ്പാരല്‍ കയറ്റുമതിയില്‍ 3.3% മാത്രമാണ് വളര്‍ച്ച ഉണ്ടായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവും വിയറ്റ്നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളേക്കാള്‍ വളരെ പിന്നിലുമാണ്.
ചെരുപ്പ് കയറ്റുമതി 2025 സാമ്പത്തിക വര്‍ഷത്തില്‍ 1 ബില്യണ്‍ ഡോളറിന് താഴെയാണ്. ഈ മേഖലയില്‍ 20% കയറ്റുമതിയാണ് യുഎസിലേക്കുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ നടപടികള്‍ ആവശ്യപ്പെടുകയാണ് വ്യാപാരികള്‍.
യുഎസിലേയ്ക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ ദൃശ്യമായത് കുതിച്ചുചാട്ടം
യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. 2020-21 സാമ്പത്തികവര്‍ഷത്തില്‍ 51.6 ബില്യണ്‍ ഡോളറായിരുന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 86.5 ബില്യണ്‍ ഡോളറിന്റേതാണ്. ഇറക്കുമതിയും ആനുപാതികമായി ഉയര്‍ന്നു.
2020-21 സാമ്പത്തികവര്‍ഷത്തില്‍ 28.9 ബില്യണ്‍ ഡോളറായിരുന്ന യുഎസ് ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 45.7 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയുടെ കയറ്റുമതിയില്‍ 15.9 ശതമാനം ഇലക്ട്രിക്കല്‍ മെഷിനറിയും 10 ശതമാനം പങ്കാളിത്തം നാച്വറല്‍ പേള്‍സും 9.8 ശതമാനം ഫാര്‍മസ്യൂട്ടില്‍ പ്രൊഡക്ടസും 6.7 ശതമാനം ന്യൂക്ലിയര്‍ റിയാക്ടേഴ്‌സ്, ബോയിലേഴ്‌സ്, 4.2 ശതമാനം മിനറല്‍ ഇന്ധനങ്ങള്‍, മിനറല്‍ എണ്ണകള്‍, 3.1 ശതമാനം ഇരുമ്പ്, സ്റ്റീല്‍, 3 ശതമാനം ടെക്‌സ്റ്റൈല്‍ അസംസ്‌കൃത വസ്തുക്കള്‍, 2.7 ശതമാനം തുണിത്തരങ്ങള്‍, 2.7 ശതമാനം ഓര്‍ഗാനിക്ക് കെമിക്കല്‍സ്, 2.7 ശതമാനം ക്രോച്ചറ്റ് വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന താരിഫുകള്‍
ജപ്പാന്‍-15 ശതമാനം, ദക്ഷിണ കൊറിയ-15 ശതമാനം, ബംഗ്ലാദേശ്-20 ശതമാനം, ശ്രീലങ്ക-20 ശതമാനം, തായ് വാന്‍-20 ശതമാനം, വിയറ്റ്‌നാം-20 ശതമാനം, കംപോഡിയ-19 ശതമാനം, ഇന്തോനേഷ്യ-19 ശതമാനം, മലേഷ്യ-19 ശതമാനം, പാക്കിസ്ഥാന്‍ 19 ശതമാനം, ഫിലിപ്പീന്‍സ്-19 ശതമാനം, തായ്‌ലന്റ്-19 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന യുഎസ് താരിഫുകള്‍.