
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര. ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണിത്.
സീറോ-കോസ്റ്റ് യുപിഐ മോഡലിന്റെ സാധ്യതകളെക്കുറിച്ച് ചോദ്യങ്ങളുയരുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം സേവനം എല്ലാകാലത്തും സൗജന്യമായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തല്‍ക്കാലം ചാര്‍ജ്ജുകള്‍ ഈടാക്കില്ല.
ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറും ആര്‍ബിഐയും യുപിഐ പെയ്‌മെന്റുകള്‍ സൗജന്യമാക്കിയത്. പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്, അനുബന്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ പാടുള്ളതല്ല. സേവനം ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും സൗജന്യമാണ്.
യുപിഐ ഇടപാടുകള്‍ എക്കാലത്തേയും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍.പ്രഖ്യാപനത്തെ തുടര്‍ന്ന് പേടിഎം (വണ്‍ 97 കമ്യൂണിക്കേഷന്‍സ്) ഓഹരി 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 1147 രൂപയിലാണ് സ്റ്റോക്കുള്ളത്.






