
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി) പദ്ധതി പുന:സംഘടനയ്ക്കും വിപുലീകരണത്തിനും കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കി.തെരുവുകച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് 7332 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
പദ്ധതി പ്രകാരമുള്ള വായ്പാ പരിധിയുടെ ആദ്യ ഗഡു 10,000 രൂപയില്‍ നിന്ന് 15,000 രൂപയായും രണ്ടാം ഗഡു 20,000 രൂപയില്‍ നിന്ന് 25,000 രൂപയായും മൂന്നാം ഗഡു 50,000 രൂപയാക്കിയായും ഉയര്‍ത്തി.
രണ്ടാമത്തെ ഗഡു തിരിച്ചടയ്ക്കുന്നവര്‍ യുപിഐ-ലിങ്ക്ഡ് റുപ്പേ ക്രെഡിറ്റ് കാര്‍ഡിനും ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്വീകരിക്കുന്നവര്‍ 1600 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകും. 50 ലക്ഷം തെരുവുകച്ചവടക്കാരുള്‍പ്പടെ 1.15 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി ഭവന, നഗരകാര്യ മന്ത്രാലയവും സാമ്പത്തിക സേവന വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുക.
കോവിഡ് കാലത്ത് നിലവില്‍ വന്ന പദ്ധതി വഴി ഇതിനോടകം 13,797 കോടി രൂപ വായ്പ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 68 ലക്ഷത്തിലധികം പേര്‍ ഗുണഭോക്താക്കളായി. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയ 47 ലക്ഷത്തോളം പേര്‍ 241 കോടി രൂപ ക്യാഷ് ബാക്ക് നേടി.