ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

വിപണിയുടെ ഗതി നിര്‍ണയിക്കുക കേന്ദ്രബജറ്റ്‌

ഫെബ്രുവരി ഒന്നിന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിനെയാണ്‌ ഓഹരി വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌. നിലവില്‍ ദിശാബോധമില്ലാതെ നീങ്ങുന്ന വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്‌ പ്രധാന പങ്ക്‌ വഹിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നവംബറിലും ഡിസംബറിലും ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയും ഓഹരി സൂചികകളെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്‌ത വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്‌ച നടത്തിയത്‌ 15,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌. വിദേശ നിക്ഷേപകര്‍ പൊടുന്നനെ കാളകളുടെ റോള്‍ കൈവെടിഞ്ഞ്‌ കരടികളായി മാറിയതിന്‌ കാരണം ബജറ്റില്‍ ചില പ്രതികൂല പ്രഖ്യാപനങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണെന്നാണ്‌ അഭ്യൂഹം.

ബജറ്റില്‍ ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിന്‌ നല്‍കേണ്ട മൂലധന നേട്ട നികുതി കണക്കാക്കുന്ന കാലയളവില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാണ്‌. നിലവില്‍ ഓഹരി നിക്ഷേപം നടത്തിയതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതിയും ഒരു വര്‍ഷത്തിനു ശേഷമാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയുമാണ്‌ ബാധകമാകുന്നത്‌. ഇത്‌ രണ്ട്‌ വര്‍ഷമായി ദീര്‍ഘിപ്പിക്കാനും ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍ നിന്ന്‌ 20 ശതമാനമായി ഉയര്‍ത്താനും സാധ്യതയുണ്ടെന്ന്‌ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.

നിലവില്‍ റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപത്തിന്‌ രണ്ട്‌ വര്‍ഷത്തിനു ശേഷമാണ്‌ വില്‍പ്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടനികുതി ബാധകമാണ്‌. 20 ശതമാനമാണ്‌ നികുതി. സമാനമായ രീതി ഓഹരി നിക്ഷേപത്തിനുള്ള മൂലധന നേട്ട നികുതിക്കും ബാധകമാക്കുമോയെന്ന സന്ദേഹമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്കുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌.

മൂലധന നേട്ട നികുതി വര്‍ധിപ്പിക്കുകയാണെങ്കില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വിപണിയോടുള്ള നിലപാട്‌ കൂടുതല്‍ പ്രതികൂലമാകും.

ധനകമ്മി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള തുടര്‍ന്നുള്ള നിലപാട്‌ എന്തായിരിക്കുമെന്നതാണ്‌ വിപണി ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. സര്‍ക്കാരിന്റെ ചെലവ്‌ വര്‍ധിപ്പിക്കുന്നതിന്‌ വഴിവെക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അത്‌ ധനകമ്മി കൂടുന്നതിന്‌ വഴിവെക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കടമെടുപ്പ്‌ വര്‍ധിപ്പിക്കുന്ന ഒരു നടപടിയും വിപണിക്ക്‌ പഥ്യമല്ല.

റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ ഉയര്‍ത്തുന്നതിലൂടെ പണപ്പെരുപ്പത്തെ നിയന്ത്രണാധീനമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോഗം വര്‍ധിപ്പിക്കുന്ന നടപടികളിലേക്ക്‌ സര്‍ക്കാര്‍ തിരിഞ്ഞാല്‍ വിപരീത ഫലമാണ്‌ ഉണ്ടാകുക. സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും വിപരീത ദിശയില്‍ നീങ്ങുന്നത്‌ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുന്നത്‌.

ധനകമ്മി കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാട്ടിയാല്‍ അത്‌ വിപണിയെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമായിരിക്കും. കടമെടുപ്പ്‌ വര്‍ധിപ്പിക്കുന്ന നടപടികളിലേക്കാണ്‌ തിരിയുന്നതെങ്കില്‍ വിപണി പ്രതികൂലമായി പ്രതികരിക്കുകയും ചെയ്യും.

മുന്‍കാലങ്ങളില്‍ ബജറ്റ്‌ വിപണിയെ സംബന്ധിച്ച്‌ ഒരു പ്രധാന സംഭവമായിരുന്നു. എന്നാല്‍ പല സുപ്രധാന നയപരിഷ്‌കരണങ്ങളും പദ്ധതികളും ബജറ്റിന്‌ പുറത്തു പ്രഖ്യാപിക്കുന്ന രീതി വന്നതോടെ ബജറ്റിന്‌ വിപണി നല്‍കുന്ന പ്രാധാന്യം കുറഞ്ഞുവന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാന പ്രഖ്യാപനങ്ങളായിരുന്ന ജിഎസ്‌ടി നടപ്പിലാക്കലും നോട്ട്‌ നിരോധനവും ബജറ്റിന്‌ പുറത്താണ്‌ സംഭവിച്ചത്‌.

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ബജറ്റിന്റെ പ്രാധാന്യം കുറഞ്ഞത്‌ ബജറ്റിന്‌ മുമ്പും ശേഷവും വിപണിയില്‍ ശക്തമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത്‌ കുറഞ്ഞുവരുന്നതിനും കാരണമായി.

അതേ സമയം ഇത്തവണത്തെ ബജറ്റ്‌ വിപണിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന സംഭവം തന്നെയാണ്‌. വിപണി ഉന്നയിക്കുന്ന രണ്ട്‌ പ്രധാന ചോദ്യങ്ങള്‍ക്ക്‌ ഈ ബജറ്റില്‍ ഉത്തരം കിട്ടുമെന്നതു തന്നെ കാരണം.

X
Top