
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇരുകക്ഷികള്‍ക്കും അതുല്യമായ അവസരങ്ങള്‍ തുറന്നുതരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍. അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം. മുംബൈയില്‍ വിമാനമിറങ്ങിയ സ്റ്റാമറെ വ്യാവസായിക പ്രമുഖര്‍, സംരഭകര്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ അനുഗമിക്കുന്നു. എഫ്ടിഎയുടെ പ്രചാരണമാണ് സന്ദര്‍ശന ലക്ഷ്യം.
വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്ന കരാറാണിതെന്ന് സ്റ്റാമര്‍ പറഞ്ഞു. കരാര്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വേഗതയേറിയതും ചെലവുകുറഞ്ഞതുമാക്കും. ഇന്ത്യ, മൂന്നാമത്തെ വലിയ സമ്പദ് ശക്തിയാകുമ്പോള്‍ അതിന്റെ ഗുണം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കൂടി ലഭ്യമാകും.
ഇരു കക്ഷികളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാന്‍ കരാര്‍ സഹായിക്കും. നിലവില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ശരാശരി 15 ശതമാനമാണ് നികുതി ചുമത്തുന്നത്. പുതിയ കരാര്‍ പ്രകാരം ഇത് 3 ശതമാനമായി കുറയും.
ഇതോടെ സോഫ്റ്റ് ഡ്രിങ്കുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കാറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയില്‍ വില്‍പന നടത്താന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്കാകും. ബ്രിട്ടീഷ് വിസ്‌ക്കിയ്ക്ക് മേല്‍ ചുമത്തുന്ന 150 ശതമാനം നികുതി 75 ശതമാനമായി കുറയാനും ധാരണയായിട്ടുണ്ട്.
തിരിച്ച്, 99 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ബ്രിട്ടന്‍ നികുതി ബാധകമാക്കില്ല. ടെക്‌സ്റ്റൈല്‍, തുകല്‍, പാദരക്ഷ, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ജെംസ് ആന്റ് ജുവല്ലറി, എഞ്ചിനീയറിംഗ് ഗുഡ്‌സ്, വാഹന ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കാര്‍ഷികോത്പന്നങ്ങള്‍ക്കും തീരുവ ബാധകമല്ല. ഇതോടെ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മഞ്ഞള്‍, കുരുമുളക്, ഏലം, മാമ്പഴം പള്‍പ്പ്, അച്ചാറുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ബ്രിട്ടീഷ് വിപണിയില്‍ മത്സരക്ഷമമാകും. സമുദ്രോത്പന്നങ്ങള്‍ക്കും പൂജ്യം തീരുവ ബാധകമാണ്. കേരളം, ആന്ധ്ര്പ്രദേശ്, ഒഡീഷ, തമിഴ് നാട്് എന്നിവിടങ്ങളിലെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് ആശ്വാസമകരമാകുന്ന നടപടി. പ്രത്യേകിച്ചും യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ കാരണം വന്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനവേളയില്‍, ജൂലൈയിലാണ് എഫ്ടിഎ അന്തിമമായത്.