
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 15-16 ശതമാനമായി കുറയും. കരാര്‍ അന്തിമ ഘട്ടത്തിലേയ്ക്കടുക്കുകയാണെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയോടനുബന്ധിച്ച് കരാര്‍ പ്രഖ്യാപിക്കപ്പെടുമെന്നറിയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ വി. അനന്ത നാഗേശ്വരന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കപ്പെടും.
കരാര്‍ പ്രകാരം, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ക്രമാനുഗതമായി കുറയ്ക്കും. പകരം ഡിസ്‌ക്കൗണ്ട് നിരക്കില്‍ യുഎസില്‍ നിന്നും അസംസ്‌കൃത എണ്ണയും എഥനോളും വാങ്ങും. നിലവില്‍ ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന്റെ പത്ത് ശതമാനമാണ് യുഎസ് സംഭാവന. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുമേഖല എണ്ണ കമ്പനികള്‍ കൂടുതല്‍ യുഎസ് എണ്ണ വാങ്ങാന്‍ തയ്യാറായേക്കും.
അതേസമയം റഷ്യ നല്‍കുന്ന അത്രയും ഇളവ് യുഎസ് വാഗ്ദാനം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. നിലവില്‍ റഷ്യന്‍ എണ്ണയ്ക്ക് ലഭ്യമാകുന്ന കിഴിവ് 2 ഡോളര്‍ മുതല്‍ 2.50 ഡോളര്‍ വരെയാണ്. 2023 ല്‍ ഇത് 23 ഡോളര്‍വരെയായിരുന്നു. അതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ കൂടുതല്‍ മത്സരക്ഷമമായി. 2025 ല്‍ ഏതാണ്ട് 3.8 ബില്യണ്‍ ഡോളറാണ് റഷ്യയില്‍ നിന്നും എണ്ണ ഇനത്തില്‍ ഇന്ത്യ നേടിയത്.
കാര്‍ഷിക വ്യാപാരവും ചര്‍ച്ചകളുടെ ഭാഗമാണ്. ജനിതകമാറ്റം വരുത്താത്ത അമേരിക്കന്‍ ചോളത്തിന്റെയും സോയാമീലിന്റെയും കൂടുതല്‍ ഇറക്കുമതി ഇന്ത്യ അനുവദിച്ചേയ്ക്കും. ചൈന ഇറക്കുമതി കുറച്ചതിനെത്തുടര്‍ന്ന് ചോളത്തിന് യുഎസ് കമ്പോളം തേടുന്ന സാഹചര്യത്തിലാണിത്.
നിലവില്‍ ദശലക്ഷം ടണ്‍ യുഎസ് ചോളമാണ് പ്രതിവര്‍ഷം ഇന്ത്യ വാങ്ങുന്നത്. ഈ ക്വാട്ട രാജ്യം വര്‍ദ്ധിപ്പിക്കും. യുഎസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2025 സാമ്പത്തികവര്‍ഷത്തില്‍ അവിടേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 86.51 ബില്യണ്‍ ഡോളറിന്റേതായി. അതേസമയം നടപ്പുവര്‍ഷം കയറ്റുമതി ലക്ഷ്യത്തിന്റെ 50 ശതമാനം ഇന്ത്യ കൈവരിച്ചെന്നും യുഎസ് തീരുവ വലിയ തോതില്‍ പ്രത്യാഘാതമുണ്ടാക്കില്ലെന്നും നാഗേശ്വരന്‍ പറഞ്ഞു.
ഇന്ത്യന്‍ ജിഡിപിയുടെ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) നാലില്‍ ഒന്ന് കയറ്റുമതിയാണ്.
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയത്. ഈയിനത്തില്‍ ലഭിക്കുന്ന തുക, റഷ്യ യുക്രെയ്നെതിരായ യുദ്ധത്തില്‍ ചെലവഴിക്കുന്നതായി അവര്‍ ആരോപിക്കുന്നു. കൂടാതെ തങ്ങളുമായി വലിയ തോതില്‍ വ്യാപാരമെച്ചം നേടുമ്പോഴും ഇന്ത്യ റഷ്യയുമായി അടുക്കുന്നതും ബ്രിക്സ് കൂട്ടുകെട്ട് ശക്തിപ്പടുത്തുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നുണ്ട്. നിലവില്‍ ആഭ്യന്തര എണ്ണ ആവശ്യത്തിന്റെ 34 ശതമാനമാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.