
ന്യൂഡല്‍ഹി: ട്വിറ്റര്‍ സ്വന്തമാക്കിയ ശേഷം തുടങ്ങിവച്ച കടുത്ത നടപടികള്‍ എലോണ്‍ മസ്‌ക്ക് തുടരുന്നു. ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണവും പൂട്ടാന്‍ കമ്പനി തീരുമാനിച്ചു. ഡല്‍ഹിയിലേയും മുംബൈയിലേയും ഓഫീസുകളാണ് സാമൂഹ്യ മാധ്യമ ഭീമന്‍ പൂട്ടിയത്.
ബെംഗളൂരുവിലെ ഓഫീസ് തുടര്‍ന്നും പ്രവര്‍ത്തിക്കും. നേരത്തെ രാജ്യത്തെ ജീവനക്കാരില്‍ 90 ശതമാനം പേരേയും പിരിച്ചുവിടാന്‍ മസ്‌ക്ക് ഉത്തരവിട്ടിരുന്നു. ഇനി ബാക്കിയുള്ള രണ്ടോ മൂന്നോ ഉയര്‍ന്ന മാനേജ്‌മെന്റ് സ്റ്റാഫിന് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യു.എസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നവരാണ് കമ്പനിയില്‍ അവശേഷിക്കുന്നത്.സാമ്പത്തിക സ്ഥിരതയിലേയ്ക്ക് നയിക്കാനാണ് പിരിച്ചുവിടലുള്‍പ്പടെയുള്ള നടപടികളുമായി മസ്‌ക്ക് മുന്നോട്ട് പോകുന്നത്.
നടപടികളിലൂടെ കമ്പനിയെ പാപ്പരത്വത്തില്‍ നിന്നും രക്ഷിക്കാനായെന്ന് മുന്‍ ലോക സമ്പന്നന്‍ ഈയിടെ അവകാശപ്പെട്ടിരുന്നു. അതിനിടയില്‍ പുതിയ പെയ്ഡ് വെരിഫിക്കേഷന്‍ ഫീച്ചറായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിക്കാനും കമ്പനി തയ്യാറായി.
ട്വീറ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 4000 മായി വര്‍ധിപ്പിക്കുക, നീല വെരിഫൈഡ് മാര്‍ക്ക് തുടങ്ങിയ അധിക സംവിധാനങ്ങളാണ്് ട്വിറ്റര്‍ ബ്ലൂവിലുള്ളത്. പ്രതിമാസം നല്‍കേണ്ടത് 900 രൂപ.






