
സാൻഫ്രാൻസിസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെ 44 ബില്യൺ ഡോളറിന് വാങ്ങാനുള്ള ഇലോൺ മസ്‌കിന്റെ ശ്രമത്തെ ഷെയർഹോൾഡർമാർ അംഗീകരിച്ചതായി ട്വിറ്റർ അറിയിച്ചു. എന്നാൽ ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് മസ്ക് അടുത്തിടെ അറിയിച്ചിരുന്നു.
മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ഷെയർഹോൾഡർ മീറ്റിംഗിൽ ഒട്ടുമിക്ക ഓഹരി ഉടമകളും അവരുടെ വോട്ടുകൾ ഓൺലൈനിലാണ് രേഖപ്പെടുത്തിയത്. ഏറ്റെടുക്കൽ ഇടപാട് പൂർത്തിയാക്കാൻ ട്വിറ്റർ മസ്‌കിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ ഒക്ടോബറിൽ നടക്കും.
പ്ലാറ്റ്‌ഫോമിലെ ബോട്ടുകളുടെ യഥാർത്ഥ സാന്നിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഏറ്റെടുക്കൽ കരാർ ടെസ്‌ല സിഇഒ റദ്ദാക്കിയിരുന്നു.
ട്വിറ്ററിനെ ഏറ്റെടുക്കാൻ മസ്ക് ഏപ്രിലിലാണ് നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അദ്ദേഹം കമ്പനിയുടെ ഒരു ഷെയറിന് 54.20 ഡോളർ വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു. കരാറിന്റെ ഭാഗമായി ഇടപാട് ഉപേക്ഷിച്ചാൽ കാരണക്കാരൻ 1 ബില്യൺ ഡോളർ ബ്രേക്കപ്പ് ഫീസ് നൽകണമെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതേസമയം ട്വിറ്റർ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് മസ്‌ക് അവകാശപ്പെട്ടു.






