
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം താരിഫ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും ഉത്പാദന വളര്‍ച്ചയെ മുരടിപ്പിക്കുമെന്നും മൂഡീസ് റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്.
താരിഫ് നിലനില്‍ക്കുന്ന പക്ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനുമാനം 6.3 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറയും.
മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള താരിഫ് വിടവ്, പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ് പോലുള്ള ഉയര്‍ന്ന മൂല്യവര്‍ദ്ധിത മേഖലകളിലേത്, ഉല്‍പ്പാദന മേഖല വികസിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് അനുബന്ധ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കും, മൂഡീസ് റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ആഭ്യന്തര ഡിമാന്റും സേവനമേഖലയുടെ ശക്തിയും സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ രാജ്യത്തെ സഹായിക്കും. മറിച്ച്, യുഎസിന്റെ ഭീഷണിയ്ക്ക് വഴങ്ങി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന പക്ഷം ഇതര സ്രോതസ്സുകളില്‍ നിന്നുള്ള സംഭരണം വെല്ലുവിളിയാകും.
ഇറക്കുമതി ബില്‍ വര്‍ദ്ധിക്കുന്നത് ദുര്‍ബലമായ താരിഫ് മത്സരശേഷിയുടെ പശ്ചാത്തലത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയിലേക്ക് നയിക്കുകയും നിക്ഷേപ വരവിനെ ദുര്‍ബലമാക്കുകയും ചെയ്യും. അതേസമയം ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ നേരിടാന്‍ ഇന്ത്യ ‘ആവശ്യത്തിന്’ വിദേശ കറന്‍സി ബഫര്‍ നിലനിര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
ഇന്ത്യ പ്രധാന എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളിലൊന്നാണ്. രാജ്യം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തും. ഇത് ആഗോള പണപ്പെരുപ്പത്തിനും വളര്‍ച്ചാ മാന്ദ്യത്തിനും വഴിയൊരുക്കും.