
ന്യൂയോർക്ക്: പകരംതീരുവ കേസിൽ സുപ്രീം കോടതിയിലും തോറ്റ ട്രംപ് ഭരണകൂടം തീരുവയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പുതിയ അന്വേഷണം തുടങ്ങി. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ തുടങ്ങി 16 വ്യാപാര പങ്കാളികൾക്കുമേൽ പകരം തീരുവ പുനഃസ്ഥാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നീക്കം.
1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരമാണ് അന്വേഷണം. അന്യായമായ വ്യാപാര ഇടപാടുകളിലൂടെ വരുമാന, ലാഭനേട്ടങ്ങളുണ്ടാക്കിയോ എന്നാണ് അന്വേഷിക്കുന്നത്. 60ഓളം രാജ്യങ്ങൾക്കുമേൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ പറഞ്ഞു.
ട്രംപിന്റെ വ്യാപാരനയങ്ങളിൽ മാറ്റമില്ലെന്നും ഏതെങ്കിലും രാജ്യം അന്യായമായ നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയാൽ സെക്ഷൻ 301 പ്രകാരം പകരംതീരുവ പുനഃസ്ഥാപിക്കാനാകുമെന്നും ഗ്രീർ സൂചിപ്പിച്ചു. അമേരിക്കയിലെ തൊഴിലുകളുടെ സംരക്ഷണവും അമേരിക്കയുമായി മറ്റ് രാജ്യങ്ങൾ നീതിപൂർവമാണ് വ്യാപാര ഇടപെടലുകൾ നടത്തുന്നതെന്ന് ഉറപ്പാക്കലുമാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും ഗ്രീർ പറഞ്ഞു.
ജപ്പാൻ, തായ്‍വാൻ, വിയറ്റ്നാം, ബംഗ്ലദേശ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ, ഇന്തൊനീഷ്യ, മലേഷ്യ, കംബോഡിയ, തായ്‍ലൻഡ് എന്നിവയുമാണ് അന്വേഷണം നേരിടുന്നത്. ട്രംപ് ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
പകരം തീരുവ നിയമവിരുദ്ധമാണെന്നും ട്രംപിന്റേത് ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി. ഇതുവരെ വാങ്ങിയ പകരംതീരുവയെല്ലാം റീഫണ്ട് ചെയ്യേണ്ട സ്ഥിതിയിലുമാണ് ട്രംപ് ഭരണകൂടം. കോടതി വിധിക്കുപിന്നാലെ ട്രംപ് എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരം 150 ദിവസത്തേക്ക് 10% പകരംതീരുവ പ്രഖ്യാപിച്ചിരുന്നു. പിന്നീടിത് 15 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. 10% തന്നെയാണ് ബാധകം.
ഇന്ത്യയ്ക്കുമേലുള്ള തീരുവയും 50 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. വ്യാപാരക്കരാർ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കുമേലുള്ള 25% പിഴച്ചുങ്കം ട്രംപ് എടുത്തുകളഞ്ഞിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ പിഴച്ചുങ്കമായിരുന്നു ഇത്.
25% പകരംതീരുവ 18 ശതമാനത്തിലേക്കും കുറച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി വിധിയോടെ ഇതെല്ലാം അസാധുവായി. ഇപ്പോൾ 10 ശതമാനമാണ് ബാധകം. അതേസമയം, അടുത്ത ഓഗസ്റ്റിനകം പകരംതീരുവ പൂർണമായും തിരിച്ചുകൊണ്ടുവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
∙ എന്താണ് കുറ്റം?
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരിധിയിലധികം ഉൽപാദനം നടത്തി കയറ്റുമതി നേട്ടമുണ്ടാക്കിയോ? സർക്കാർ അനാവശ്യമായി സബ്സിഡി ആനുകൂല്യങ്ങൾ നൽകി ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിച്ചോ? തൊഴിൽ-പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചോ തുടങ്ങിയ കാര്യങ്ങളാണ് യുഎസ് അന്വേഷിക്കുന്നത്.






