
യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ, ഇന്ത്യയിൽ നിന്ന് ‘നാടുവിടാൻ’ ചില കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്.
യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും ചേക്കേറാനാണ് അവ ശ്രമിക്കുന്നതെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎഇക്കും സൗദിക്കും യുഎസിന്റെ തീരുവ 10 ശതമാനമേയുള്ളൂ. ഈ വ്യത്യാസമാണ് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നത്.
നിലവിൽ യുഎസ് ഏറ്റവുമധികം തീരുവ അടിച്ചേൽപ്പിച്ച രണ്ടു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രസീലിനും 50 ശതമാനമുണ്ട്. 10 ശതമാനമെന്ന കുറഞ്ഞ തീരുവ നിരക്കാണ് ഗൾഫിൽ ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യയ്ക്കുമേലുള്ള തീരുവ ദീർഘകാലം ട്രംപ് 50 ശതമാനത്തിൽതന്നെ നിർത്തുമെന്ന് പലരും കരുതുന്നില്ല. ചർച്ചകളിലൂടെ 15-20 ശതമാനത്തിലേക്ക് താഴ്ത്തിയേക്കാം. അപ്പോഴും, ഗൾഫിനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് തീരുവ കൂടുതലായിരിക്കാമെന്ന് വിലയിരുത്തിയാണ് ചില കമ്പനികൾ കൂടുമാറ്റത്തിന് ശ്രമിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലും കിസാദ് ഇൻഡസ്ട്രിയൽ സോണിലുമായി നിക്ഷേപം നടത്തുമെന്ന് ചില ഇന്ത്യൻ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഇവയിൽ മിക്കവയും കയറ്റുമതി ലക്ഷ്യമിട്ടാണ് ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സെപ) ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാണ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇതുപ്രകാരം യുഎഇ നാമമാത്ര തീരുവയേ ഈടാക്കുന്നുള്ളൂ. ഒട്ടുമിക്ക ഇറക്കുമതിക്കും തീരുവ പൂജ്യവുമാണ്.