
വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിയെന്നും അത് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അന്തിമ അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് സൂചിപ്പിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പരാമര്‍ശം.
ഈ ആഴ്ചയോ അടുത്ത ആഴ്ചയോ തന്നെ യുഎസുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റും പറഞ്ഞിരുന്നു.
2025 അവസാനത്തോടെ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ ലക്ഷ്യമിടുന്ന ഉഭയകക്ഷി വ്യാപാര കരാറിന്‍റെ ഭാഗമായി ഇന്ത്യ അമേരിക്കയ്ക്ക് പ്രത്യേക സൗഹൃദ രാഷ്ട്ര പദവി വാഗ്ദാനം ചെയ്തേക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ ഈ പദവി വളരെ അപൂര്‍വമായി മാത്രമേ അനുവദിക്കാറുള്ളൂ. കൂടാതെ, വ്യാപാരത്തില്‍ ഇന്ത്യ യുഎസിന് നിരവധി വാഗ്ദാനങ്ങളും മുന്‍കൂര്‍ ഇളവുകളും നല്‍കിയിട്ടുണ്ടെന്നും, ചൈന, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെ അമേരിക്കയുടെ മറ്റ് നിരവധി വലിയ വ്യാപാര പങ്കാളികളേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം ഇന്ത്യ കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം നടത്തുന്ന 24 വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ 19 എണ്ണത്തിന്‍റെ കാര്യത്തില്‍ അതിവേഗത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. സോയാബീന്‍, ചോളം തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും സൈനിക ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന അഞ്ച് വിഭാഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചര്‍ച്ച ചെയ്തേക്കാം.
ശീതീകരിച്ച മാംസത്തിന്‍റെയും മത്സ്യം, കോഴി, നിരവധി പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും തീരുവ 0 ശതമാനം മുതല്‍ 5 ശതമാനം വരെ കുറയ്ക്കാന്‍ ഇന്ത്യ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 30 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് തീരുവ. പകരമായി, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുകല്‍ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍ തുടങ്ങിയ, തൊഴില്‍ മേഖലകള്‍ക്ക് അനുകൂലമായ താരിഫ് പരിഗണന ന്യൂഡല്‍ഹി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ കയറ്റുമതിയില്‍ അധിക താരിഫ് ഏര്‍പ്പെടുത്തുന്നത് അമേരിക്ക താല്‍ക്കാലികമായി 90 ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
ചെമ്മീന്‍ മുതല്‍ സ്റ്റീല്‍ വരെയുള്ള അമേരിക്കയിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിക്കുന്ന തരത്തില്‍ 26% അധിക തീരുവയാണ് ട്രംപ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്.