ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

സ്വന്തം പേരിൽ സ്മാർട്ഫോൺ വിപണിയിലിറക്കി ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനത്തിലേക്കും കടക്കുന്നു.

499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം ഏകദേശം 43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോണാണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്.

സെപ്റ്റംബറിലാണ് ഫോൺ വിൽപനയ്ക്ക് എത്തുകയെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻ ആളുകൾ തിക്കിത്തിരക്കിയതോടെ കമ്പനിയുടെ വെബ്സൈറ്റ് ഏറെ നേരത്തേക്ക് പ്രവർത്തനരഹിതമായെങ്കിലും പിന്നീട് സജീവമായി.

റീചാർജ് പ്ലാനിലും സവിശേഷത
പ്രതിമാസം 47.45 ഡോളറിന്റെ (ഏകദേശം 4,000 രൂപ) റീചാർജ് പ്ലാനും ട്രംപ് ഓർഗനൈസേഷൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് കോളും എസ്എംഎസും ഡേറ്റയും (ഇന്റർനെറ്റ്) ഒപ്പം 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെൽത്ത് സേവനവും മറ്റും ഉറപ്പുനൽകുന്നതാണ് ‘ദ് 47 പ്ലാൻ’.

ഇന്ത്യയിലേക്ക് അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അൺലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നു.
റീചാർജ് പ്ലാനിന്റെ പേരിനും പ്രത്യേകതയുണ്ട്. തന്റെ ഒന്നാം ടേമിൽ യുഎസിന്റെ 45-ാം പ്രസിഡന്റ് ആയിരുന്നു ട്രംപ്.

രണ്ടാം ടേമിൽ 47-ാമത്തെയും. നേരത്തേ ട്രംപ് പ്രസിഡന്റ് ആയിരിക്കെ തന്നെ ട്രംപ് ഓർഗനൈസേഷൻ അദ്ദേഹത്തിന്റെ പേര് ബ്രാൻഡ് ചെയ്ത് വാച്ചുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പുറത്തിറക്കിയിരുന്നു.

ദ് 47 പ്ലാൻ പക്ഷേ, ‘പൊള്ളുന്ന’ റേറ്റാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. യുഎസിലെ മുൻനിര ടെലികോം കമ്പനികളായ വെറൈസൺ, ടി-മൊബൈൽ, എടി ആൻഡ് ടി എന്നിവ പ്രതിമാസം 25-30 ഡോളറിന്റെ (ഏകദേശം 2,500 രൂപവരെ) പ്ലാനുകളാണ് നിലവിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്.

സ്വർണ നിറമുള്ള ഫോൺ
സ്വർണ നിറം നൽകിയാണ് ട്രംപ് ഓർഗനൈസേഷൻ ടി1 സ്മാർട്ഫോൺ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലെ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ എന്ന ട്രംപിന്റെ മുദ്രാവാക്യവും അമേരിക്കയുടെ പതാകയും ഫോണിൽ കാണാം.

അമേരിക്കയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതും ഒരു കുടുംബാംഗത്തെപ്പോലെ ഒപ്പം നിൽക്കുന്നതും എന്നാൽ ‘അന്യായ’ നിരക്ക് ഈടാക്കാത്തതുമായ സേവനമാണ് കമ്പനി നൽകുകയെന്ന് വെബ്സൈറ്റിൽ ട്രംപ് മൊബൈൽ അവകാശപ്പെടുന്നുണ്ട്.

അതേസമയം, ലൈസൻസിങ് കരാർ പ്രകാരമാണ് ഫോൺ വിപണിയിലിറക്കുന്നതെന്നും ഫോണിന്റെ രൂപകൽപന, നിർമാണം, വിതരണം എന്നിവയ്ക്ക് ട്രംപ് ഓർഗനൈസേഷനോ അനുബന്ധ സ്ഥാപനങ്ങൾക്കോ ബന്ധമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടി1 മൊബൈലിൽ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. 6.8 ഇഞ്ച് അമൊലെഡ് സ്ക്രീൻ, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, പിന്നിൽ 50 എംപി ക്യാമറ എന്നിങ്ങനെയും സവിശേഷതകൾ കമ്പനി അവകാശപ്പെടുന്നു.

ഫിംഗർപ്രിന്റ് സെൻസർ, എഐ ഫെയ്സ് അൺലോക്ക് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.

ട്രംപിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് ട്രംപ് ഓർഗനൈസേഷൻ. റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടൽ, ഗോൾഫ് റിസോർട്ടുകൾ തുടങ്ങിയ ബിസിനസ് സംരംഭങ്ങളാണ് പ്രധാനമായുമുള്ളത്. സമീപകാലത്ത് ഡിജിറ്റൽ മീഡിയ, ക്രിപ്റ്റോകറൻസി ബിസിനസുകളിലേക്കും ചുവടുവച്ചു.

X
Top