
വാഷിങ്ടണ്‍: പ്രത്യേക വ്യാപാര ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്ത പങ്കാളികള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഇറക്കുമതി തീരുവ നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ഏപ്രിലില്‍ അദ്ദേഹം ചുമത്തിയ 10% താരിഫിനേക്കാള്‍ കൂടുതലാണ്.
200 ഓളം രാജ്യങ്ങളെ ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ 50 ശതമാനം താരിഫ് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രമ്പിന്റെ പ്രസ്താവന.
ഇന്ത്യ, പാക്കിസ്ഥാന്‍, കാനഡ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളെ കൂടുതല്‍ സജീവമായ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഇന്ത്യയുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ നിലവില്‍ യുഎസുമായി ചര്‍ച്ചയിലാണ്.
അതേസമയം കാര്‍ഷികോത്പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ കുടുങ്ങിക്കിടക്കുന്നു. നേരത്തെ യൂറോപ്യന്‍ യൂണിയനുമായും ജപ്പാനുമായും യുഎസ് കരാര്‍ ഒപ്പുവച്ചിരുന്നു.
ഇതില്‍ മിക്ക യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങളിലും 15% താരിഫ്, യൂറോപ്യന്‍ സ്ഥാപനങ്ങളുടെ 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 750 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ വാങ്ങലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ജപ്പാന്‍ യുഎസില്‍ 500 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.